റിയാദ്: കടൽ കടന്നെത്തി അപൂർവ രക്തം ദാനം ചെയ്ത നാലംഗ മലയാളി സംഘത്തിന് സഊദി പ്രവാസികളുടെ ആദരം. ലോകത്തിലെ തന്നെ അത്യപൂർവ്വ രക്ത ഗ്രൂപ്പിൽ പെട്ട റിയാദിലൊരു കുരുന്നിന്റെ ജീവൻ നിലനിർത്താൻ കടൽ കടന്നെത്തി ജീവരക്തം പകർന്നുനൽകിയ നാലംഘ സംഘമാണ് മലയാളികൾക്കും ഇന്ത്യക്കാർക്കും അഭിമാനമായി മാറിയത്.
മലയാളിസമൂഹത്തിെൻറ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി നാൽവർ സംഘം സ്വദേശത്തേക്ക് തിരിച്ചു. സ്വദേശി ബാലന്റെ ജീവൻ നിലനിർത്താൻ വളരെ അപൂർവമായ ബോംബെ ഗ്രൂപ്പ് രക്തം നൽകാൻ രണ്ടാഴ്ച മുമ്പ് നാട്ടിൽ നിന്ന് വന്ന ഷെരീഫ്, ജലീന, റഫീഖ്, ഫാറൂഖ് എന്നിവരാണ് സഊദി-ഇന്ത്യാ ബന്ധത്തിന് ചോരയുടെ പശിമ കൂടി നൽകി മടങ്ങിയത്.

സഊദി ബ്ലഡ് ഡോണേഴ്‌സ് (ബി.ഡി.കെ) കേരള ഘടകം പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടിയും ജനറൽ സെക്രട്ടറി ഫസൽ ചാലാടുമാണ് ഈ ദൗത്യം കേരള ഘടകത്തിന്റെ പിന്തുണയോടെ ഏറ്റെടുത്ത് നടത്താൻ രംഗത്തിറങ്ങിയത്. ഇവർ സഊദിയിലെത്തിയ വാർത്ത മലയാളംപ്രസ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അത്യപൂർവ്വ രക്‌ത ഗ്രൂപ്പ് തേടി രണ്ടുവർഷത്തോളമാണ് സഊദി കുടുംബം അലഞ്ഞത്. അപൂർവ രക്തഗ്രൂപ്പിന്റെ ദാതാക്കളെ അന്വേഷിക്കുന്നതിനിടെ ആറു മാസം മുമ്പ് കുടുംബത്തിന് ഫസൽ ചാലാടിനെ ബന്ധപ്പെടാനായതാണ് വഴിത്തിരിവായത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടിക്ക് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം വേണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം കുട്ടിയുടെ ബന്ധുക്കൾ പല ഭാഗങ്ങളിലായി അന്വോഷണം നടത്തി. അന്വേഷണത്തിന്റെ ഭാഗമായാണ് കേരളത്തിലേക്കും അന്വേഷണം എത്തുന്നത്.

വിവരം ശ്രദ്ധയിൽപെട്ട സഊദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട് ബിഡികെ കേരള വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ള 4 പേരെ കണ്ടെത്തിയത്. പിന്നീട് എല്ലാം വളരെ വേഗമായിരുന്നു. ആവശ്യമായ നിയമനടപടികളെല്ലാം പൂർത്തീകരിച്ച് ഈ രക്തഗ്രൂപ്പുകാരായ നാലുപേരെ കണ്ടെത്തി സഊദിയിലെത്തിക്കുകയായിരുന്നു.

ജലീന (മലപ്പുറം), മുഹമ്മദ് ഫാറൂഖ് (തൃശൂർ), മുഹമ്മദ് റഫീഖ് (ഗുരുവായൂർ), മുഹമ്മദ് ശരീഫ് (പെരിന്തൽമണ്ണ) എന്നിവരാണ് രക്തംനൽകാൻ റിയാദിലെത്തിയത്. റിയാദിലെത്തി ദിവസങ്ങളോളം ഇവിടെ തങ്ങി ആശുപത്രിയിൽ ബാലന്റെ ശസ്ത്രക്രിയാ വേളയിൽ രക്തം നൽകുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
പ്രവാസി മലയാളി ഫൗണ്ടേഷൻ ഭാരവാഹികളായ ബിനു കെ. തോമസ്, റസ്സൽ കമറുദ്ദീൻ എന്നിവരും സഹായവുമായി മുൻപന്തിയിലുണ്ടായിരുന്നു. അതിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ നേരമാണ് ബത്ഹയിൽ മലയാളികൾ യാത്രയയപ്പ് ഒരുക്കിയത്.
അപ്പോളോ ഡിമോറോ ഓഡിറ്റോറിത്തിൽ നടന്ന ചടങ്ങിൽ ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുക്കാട്, സത്താർ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, വി.ജെ. നസ്രുദ്ദീൻ, ഷിബു ഉസ്മാൻ, ഉമർ മുക്കം, ഷാജഹാൻ ചാവക്കാട്, റാഫി പാങ്ങോട്, സിദ്ദീഖ് തൂവ്വൂർ, ബഷീർ കരുനാഗപ്പള്ളി, വിജയൻ നെയ്യാറ്റിൻകര, നൗഷാദ് ആലുവ, ബഷീർ കനിവ്, സൈനുദ്ദീൻ ഉമർ, സലിം അർത്തിയിൽ, ഷാജി മഠത്തിൽ എന്നിവർ സംസാരിച്ചു. ഗഫൂർ കൊയിലാണ്ടി, കെ.എസ്. സൗമ്യ, ഫസൽ ചാലാട്, സൈനുദ്ദീൻ ഉമർ, ബിനു കെ. തോമസ്, ഷബീർ, റസ്സൽ കമറുദ്ദീൻ, ജലീൽ എന്നിവർ രക്തദാതാക്കൾക്ക് പ്രശംസാഫലകവും ഉപഹാരവും കൈമാറി.
മൂന്നു പതിറ്റാണ്ട് നീണ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ഗഫൂർ കൊയിലാണ്ടിയെ പ്രവാസി മലയാളി ഫൗണ്ടേഷൻ ചടങ്ങിൽ ആദരിച്ചു. ജലീൽ ആലപ്പുഴ പ്രശംസാഫലകം കൈമാറി. പൊന്നാനി പ്രവാസി കൂട്ടായ്മ, റിയാദ് ടാക്കീസ് എന്നീ സംഘടനകൾ ഉപഹാരങ്ങൾ നൽകി. ഫസൽ ചാലാട് സ്വാഗതവും സ്വാലിഹ നന്ദിയും പറഞ്ഞു.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് പോയ രക്തദാതാക്കൾക്ക് കോഴിക്കോട് വിമാനത്താവളത്തിൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവർത്തകർ സ്വീകരണം നൽകി.




