നടുക്കം പകർന്ന് പ്രവാസികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു; സഊദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടത് നാല് മലയാളികൾ മരണപ്പെട്ടത്, മൂന്ന് പേരും ചെറുപ്പക്കാർ

0
7526

ജിദ്ദ: പ്രവാസലോകത്ത് നടുക്കം സമ്മാനിച്ച് ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു. സഊദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം മാത്രം ഹൃദയാഘാതം മൂലം മരണപ്പെട്ടത് നാല് മലയാളികളാണ്. മധ്യവയസ്​ക്കരിലും ചെറുപ്പക്കാരിലും ഇപ്പോൾ ഹൃദയസംബന്​ധമായ അസുഖങ്ങൾ കൂടുതലായിരിക്കുകയാണ്​.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി സ്ഥലത്തും താമസസ്ഥലത്തും വെച്ച് തളർന്നു വീണും ഉറക്കത്തിലായിരിക്കെയും സംഭവിക്കുന്ന മരണങ്ങൾ അക്ഷരാർത്ഥത്തിൽ പേടിപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതുമാണ്. കൊവിഡ് കാലത്തായിരുന്നു ഇതിന് സമാനമായ മരണങ്ങൾ നടന്നുന്നത്.

ശാരീരിക, മാനസിക പ്രശ്​നങ്ങളും ഹൃദയത്തിന്​ ക്ഷതം ഉണ്ടാക്കുന്നെന്നാണ്​ പഠനങ്ങൾ തെളിയിക്കുന്നത്​. പ്രവാസികളിൽ പലരും തങ്ങളുടെ ജോലി സംബന്ധമായ പ്രശ്​നങ്ങൾ കാരണം, കൃത്യമായ ദിനചര്യകൾ പാലിക്കാൻ കഴിയാത്തവരാണ്​. കടുത്ത മാനസിക സംഘർഷങ്ങളും അപകടത്തിലേക്ക്​ നയിക്കുന്നു. സാമ്പത്തിക പ്രതിസന്​ധികൾ, കുടുംബ പ്രശ്​നങ്ങൾ തുടങ്ങിയവയും ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്​.

റിയാദ് നഗരത്തിലും അൽമജ്മഅ പ്രദേശത്തും ജിദ്ദയിലും മദീനയിലും ആണ് മരണങ്ങൾ ഉണ്ടായത്. മരിച്ച നാല് മലയാളികളിൽ മൂന്ന് പേരും യുവാക്കളാണ്. മുമ്പ് നടന്ന സമാന സംഭവങ്ങളിലെല്ലാം വലിയ പങ്ക് യുവാക്കൾ തന്നെയായിരുന്നു.

റിയാദിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള അൽമജ്‌മഅ എന്ന സ്ഥലത്താണ് ഒരു മരണം. വയനാട്, കോട്ടപ്പടി, മേപ്പാടി, ചുളിക പിലാത്തോട്ടത്തില്‍ ശിവശങ്കരന്‍ (60) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

റിയാദ് നഗരത്തിൽ തന്നെയുണ്ടായി മറ്റൊരു സ്വാഭാവിക സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് മരണപ്പെട്ടു. കടയ്ക്കല്‍, കിഴക്കുംഭാഗം, പള്ളിക്കുന്നുമ്പുറം സല്‍മാന്‍ മന്‍സിലില്‍ മുഹമ്മദ് അനസ് (43) ആണ് മരിച്ചത്. ഈയാഴ്ച നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്ന നാല്പത്തി മൂന്നുകാരൻ ബുധനാഴ്ച പുലര്‍ച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് തളർന്ന് വീഴുകയും മരണപ്പെടുകയുമായിരുന്നു.

ജിദ്ദയിലാണ് മറ്റൊരു ഹൃദയാഘാത മരണ സംഭവം. മലപ്പുറം, തൂവൂർ, മാമ്പുഴ, തരിപ്പറമുണ്ട സ്വദേശി യൂസുഫ് മുസ്‌ലിയാരകത്ത് (35) ആണ് മരിച്ചത്. ജിദ്ദ അൽഖുറൈശ് റോഡിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

മദീനയിൽ ഉണ്ടായ മരണം ഉറക്കത്തിലാണ് സംഭവിച്ചത്. താനൂർ, ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലിക്കുട്ടി (47) ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം.

വേണം വ്യായാമം, ഭക്ഷണ ക്രമീകരണം, വൈദ്യപരിശോധനയും

ഹൃദായാരോഗ്യത്തെ സംരംക്ഷിക്കാൻ കൃത്യമായ ദിനചര്യ സഹായിക്കുമെന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. അസ്വസ്ഥതകൾ ഉണാകു​മ്പോൾ ​ഡോക്​ടറെ കാണുക. ​നിർദേശാനുസരണങ്ങൾ പാലിച്ച്​ മരുന്ന്​, പരിശോധന എന്നിവ നടത്തുക. ദിവസം 45 മിനിറ്റ്​ വ്യായാമം ചെയ്യുക. കൊഴുപ്പ്​ കലർന്ന ഭക്ഷണം, പുകവലി എന്നിവ ഒഴിവാക്കുക.

മാനസിക സമ്മർദങ്ങൾ ഒഴിവാക്കാൻ വിനോദവേളകൾ കണ്ടെത്തുക. രാത്രി ഭക്ഷണം നേരത്തെയാക്കണമെന്നും ഡോക്​ടർമാർ പറയുന്നു. ഒരു ശരാശരി പ്രവാസിയുടെ ജീവിത ശൈലി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

ഹൃദയപേശികളിലേക്കു രക്തം എത്തിക്കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പടിയുമ്പോഴാണ്​ പ്രധാനമായും ഹൃദയത്തിൽ തടസം ഉണ്ടാകുക. ഈ പേശികളിൽ രക്തം കട്ടിപിടിച്ച് തടസമുണ്ടാകാറുമുണ്ട്​. ഇത്തരം സന്ദർഭങ്ങളിൽ ആവശ്യത്തിന്​ രക്തവും പ്രാണവായുവും കിട്ടാത്ത സാഹചര്യമുണ്ടാകുന്നു. ഇതോടെ ഹൃദയപേശികളുടെ പ്രവര്‍ത്തനത്തി​​​​ന്റെ താളം തെറ്റുകയോ പേശികൾ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യു​മ്പോഴാണ്​ ഹൃദയാഘാതം ഉണ്ടാകുക. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പുകവലി എന്നിവയും രോഗത്തി​​​​ന്റെ ആധിക്ക്യം കൂട്ടുന്നുണ്ട്​. യഥാക്രമമുള്ള പരിശോധനകളും ചികിത്​സയും ലഭിക്കാതെ വരു​മ്പോഴാണ്​ ഹൃദയാഘാതം സംഭവിക്കുന്നത്​.

ഹൃദയാരോഗ്യത്തെ കുറിച്ച്​ കൃത്യമായ അവബോധവും ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയിലുള്ള അടുക്കും ചിട്ടയും ആയുസ്​ വർധിപ്പിക്കാനുള്ള പ്രധാനമാർഗമാണെന്ന്​ ഡോക്​ടർമാർ പറയുന്നു. സ്വയം ചികിത്​സ പ്രവാസികളുടെ ഇടയിൽ വ്യാപകമാണ്​. ശാരീരിക പ്രശ്​നങ്ങൾ ഉണ്ടാകു​മ്പോൾ വേദന സംഹാരികളെ ആശ്രയിക്കലും നന്നല്ല. നെഞ്ച്​ വേദനപോലുള്ള പ്രശ്​നങ്ങൾ ഉണ്ടാകു​മ്പോൾ പോലും പലരും കാര്യമാക്കാറില്ല.