വാതകപ്പാടത്തിന് നേരെ ഇസ്രയേൽ ആക്രമണം: ഗൾഫ് രാജ്യങ്ങളിലെ എണ്ണ സംസ്കരണശാലകൾ ആക്രമിച്ച് ഇറാൻ

ടെഹ്റാൻ/ വാഷിങ്ടൻ: സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ഇറാൻ ആക്രമണം നടത്തി.

ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി, മിനാ അബ്ദുല്ല റിഫൈനറി, യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം, സൗദി അറേബ്യയിലെ സാംറെഫ് റിഫൈനറി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. 

ഇറാന്റെ മിസൈലാക്രമണത്തിൽ റാസ് ലഫാൻ വ്യാവസായിക സിറ്റിയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി ഖത്തർ പറഞ്ഞു. കുവൈത്തിലെ മിനാ അൽ അഹമ്മദി, മിനാ അബ്ദുല്ല റിഫൈനറികളിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. അതേസമയം, ആർക്കും പരുക്കില്ലെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു. സാംറെഫ് റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടം പതിച്ച് നാശനഷ്ടമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ഇസ്രയേലിനു നേരെയും ഇറാൻ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാനിൽനിന്നുള്ള മിസൈലുകളുടെ എണ്ണം വർധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു.