ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൽബം താരം റിഫയുടെ ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ അറസ്റ്റിൽ

0
7788

കോഴിക്കോട്: യു എ ഇ യിൽ മരണപ്പെട്ട വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ. പോക്സോ കേസിലാണ് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കാക്കൂര്‍ പൊലീസാണ് ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.

താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍കോടു നിന്ന് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.

റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.

വ്ലോഗര്‍, ആല്‍ബം താരം എന്നീ നിലകളില്‍ പ്രശസ്തയായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫയെ മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.

മരണത്തിന് തൊട്ടുതലേന്നു വരെ സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നു. റിഫയുടെ കഴുത്തിൽ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചിരുന്നു.

എന്നാൽ ഇത് തൂങ്ങിമരിച്ചപ്പോൾ കയർ കുരുങ്ങിയുണ്ടായതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. റിഫയുടെ ഭർത്താവ് മെഹ്നാസിന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായാണ് പൊലീസ് പറയുന്നത്. നിലവിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്.

മെഹ്നാസ് റിഫയെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പുറത്തെത്തിയിരുന്നു. ഇരുവർക്കുമൊപ്പം ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന മറ്റൊരു യുവാവ് റെക്കോര്‍ഡ് ചെയ്ത സംഭാഷണമാണ് പുറത്തു വന്നത്. റിഫ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്. രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ പൊലീസ് പിടിച്ചെടുത്ത യുവാവിന്റെ ഫോണില്‍ നിന്നാണ് വീണ്ടെടുത്തത്.