താനെ പോലീസ്, ആന്ധ്രാപ്രദേശ് പോലീസ്, അസമിലെ ഒരു വാർത്താ ചാനൽ എന്നിവയുൾപ്പെടെ രണ്ടായിരത്തിലധികം വെബ്‌സൈറ്റുകൾ ഈ ഗ്രൂപ്പുകൾ ഹാക്ക് ചെയ്തിരുന്നു
ന്യൂഡൽഹി: പ്രവാചകനെ അപമാനിച്ചതിൻ്റെ പേരിലുള്ള ബിജെപി നേതാവ് നുപുർ ശർമയുടെ പ്രസ്താവന വിവാദമായതിനു പിന്നാലെ മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർമാർ ഇന്ത്യക്കെതിരെ സൈബർ യുദ്ധം നടത്തിയതായി വെളിപ്പെടുത്തൽ. അഹമ്മദാബാദ് പോലീസിൻ്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇന്ത്യ ടുഡേ ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡ്രാഗൺ ഫോഴ്‌സ് മലേഷ്യ, ഹാക്ക്‌റ്റിവിസ്റ്റ് ഇന്തോനേഷ്യ എന്നീ സൈബർ ഗ്രൂപ്പുകളാണ് ഇന്ത്യക്കെതിരെ സൈബർ ആക്രമണങ്ങൾ ആരംഭിച്ചതെന്നും അഹമ്മദാബാദ് പോലീസ് വ്യക്തമാക്കി. മാത്രമല്ല ഇന്ത്യയ്‌ക്കെതിരെ സൈബർ ആക്രമണം നടത്താൻ ലോകമെമ്പാടുമുള്ള മുസ്‌ലിം ഹാക്കർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തതായി ക്രൈം ബ്രാഞ്ച് പറയുന്നു.

ഈ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഈ സൈബർ ഗ്രൂപ്പുകൾക്കെതിരെ മലേഷ്യൻ, ഇന്തോനേഷ്യൻ സർക്കാരുകൾക്കും ഇൻ്റർപോളിനും അഹമ്മദാബാദ് സൈബർ ക്രൈം ടീം ഉദ്യോഗസ്ഥർ ലുക്ക്ഔട്ട് നോട്ടീസ് അയച്ചു. സൈബർ സംഘങ്ങൾ ഇന്ത്യയുടെ വിവിധ ഔദ്യോഗിക വെബ്സൈറ്റുകളെ ആക്രമിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. താനെ പോലീസ്, ആന്ധ്രാപ്രദേശ് പോലീസ്, അസമിലെ ഒരു വാർത്താ ചാനൽ എന്നിവയുൾപ്പെടെ രണ്ടായിരത്തിലധികം വെബ്‌സൈറ്റുകൾ ഈ ഗ്രൂപ്പുകൾ ഹാക്ക് ചെയ്തിരുന്നു.

ഒരു ടിവി ചാനലിൻ്റെ തൽസമയ സംരക്ഷണത്തിനിടയിൽ പ്രകാശം മങ്ങി ദൃശ്യങ്ങൾ ഇരുണ്ടുപോകുകയും പിന്നാലെ പാകിസ്ഥാൻ്റെ പതാക പ്രത്യക്ഷപ്പെടുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. “ഹാക്ക് ബൈ ടീം റെവല്യൂഷൻ പികെ” എന്ന വാചകങ്ങൾക്കൊപ്പം ചാനലിൻ്റെ പ്രദർശനം നടക്കുമ്പോൾ താഴെയായി “Respect The Holy Prophet Hazrat Muhammad S.A.W.W” എന്നു ദൃശ്യമാകുകയും ചെയ്തിരുന്നു.

ഇതിനിടെ നുപുർ ശർമ്മയുടെ വിലാസം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ ഓൺലൈനിൽ പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല നിരവധി പേരുടെ ആധാർ, പാൻ കാർഡ് വിവരങ്ങൾ ഓൺലൈനിൽ ചോർന്നിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പ്രവാചകനെ അപമാനിച്ച് ശർമയുടെ പ്രസ്താവന വലിയ വിവാദമാണ് ക്ഷണിച്ചുവരുത്തിയത്. നൂർ ശർമയുടെ അഭിപ്രായത്തിനെതിരെ നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ലോകമെമ്പാടും വ്യാപകമായ പ്രതിഷേധങ്ങളും സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ പിൻവലിക്കലുൾപ്പെടെയുള്ള പ്രതിഷേധങ്ങളും അരങ്ങേറി. നുപുർ ശർമയുടെ പ്രസ്താവനയ്︋ക്കെതിരെ ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തിയിരുന്നു.




