മാറാക്കര ഗ്ലോബൽ കെഎംസിസി ഈദ് സൗഹൃദ സംഗമം ഞായറാഴ്ച

ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെഎംസിസി പ്രവർത്തകരെ പങ്കെടുപ്പിച്ചു ബലി പെരുന്നാൾ ദിനമായ ജൂലൈ 10 ഞായറാഴ്ച വൈകുന്നേരം ഈദ് സൗഹൃദ സംഗമം നടത്തുന്നു. കാടാമ്പുഴ എ. സി നിരപ്പിലുള്ള മാറാക്കര സി. എച്ച് സെന്റർ ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ പ്രവാസികൾക്ക് പുറമെ മത – രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഈദ് സൗഹൃദ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിക്കും. കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി അതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ യുവ പണ്ഡിതനും ജിദ്ദ കെഎംസിസി ഭാരവാഹിയുമായിരുന്ന ഹാഫിസ് ജാഫർ വാഫി വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും.

മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ മെമ്പർഷിപ്പ് കാർഡ് വിതരണ ഉദ്ഘാടനം പരിപാടിയിൽ വെച്ച് നടത്തപ്പെടും. ഇതോടൊപ്പം മാറാക്കര പഞ്ചായത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയവരെയും മറ്റും അനുമോദിക്കും. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളും അരങ്ങേറും.

പരിപാടിയിൽ നാട്ടിലുള്ള മുഴുവൻ കെഎംസിസി മെമ്പർമാരും പങ്കെടുക്കണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ ആഭ്യർത്ഥിച്ചു.