പ്രവാചക നിന്ദയുടെ പേരിൽ ലോകത്തിന് മുന്നിൽ നാണംകെട്ട ഭരണകൂടം സ്വന്തം പൗരന്മാർക്കെതിരെ പ്രതികാരം തീർക്കുന്നു: പ്രവാസി സാംസ്കാരിക വേദി

0
1636

ജിദ്ദ: പ്രവാചക നിന്ദയുടെ പേരിൽ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ നാണംകെട്ട സംഘ്പരിവാർ ഭരണകൂടങ്ങൾ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പോലെ സ്വന്തം പൗരന്മാർക്കെതിരെ പ്രതികാര നടപടികൾ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇത് വിലപ്പോവില്ലെന്ന് സർക്കാരുകൾ മനസ്സിലാക്കണം. പ്രവാചക നിന്ദക്കെതിരെ അലഹാബാദിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ജാവേദ് മുഹമ്മദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ നൂറുകണക്കിന് ആളുകളെ നിരുപാധികമായി ഉടൻ വിട്ടയക്കണം. പ്രവാചക നിന്ദ നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധക്കാർക്കെതിരെ പോലീസ് നടപടി കാട്ടി ഭയപ്പെടുത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്.

സുപ്രീം കോടതി വിധിയെപ്പോലും കാറ്റിൽപറത്തി പ്രതിഷേധങ്ങൾ നടത്തുന്നവരുടെ വീടുകളും സ്ഥാപനങ്ങളും തകർക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. ഇത്തരം ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ജനകീയമായ ഉയർത്തെഴുന്നേൽപുകൾ അനിവാര്യമാണെന്ന് പ്രവാസി എക്‌സിക്യൂട്ടീവ് വിലയിരുത്തി.പ്രവാചകനെ അധിക്ഷേപിച്ച് പര മത വിദ്വേഷ പ്രചാരണം നടത്തിയ ബി.ജെ.പി നേതാക്കളുടെ വംശീയ ബോധത്തെ പാർട്ടി അച്ചടക്ക നടപടിയിലൂടെ മറച്ചുവെക്കാനാവില്ല.

ഇന്ത്യയോട് സൗഹൃദം പുലർത്തുന്ന ഇന്ത്യക്കാരുടെ അന്നം കൂടിയായ ഖത്തർ, യു.എ.ഇ, സഊദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പ്രതിഷേധം ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തി രേഖാമൂലം അറിയിച്ചു. ഒ.ഐ.സിയും കടുത്ത അമർഷം രേഖപ്പെടുത്തി. 2021 ൽ ഇന്ത്യയിൽ മുസ്‌ലിംകൾക്കും ക്രൈസ്തവർക്കുമെതിരെ വ്യാപകമായി കൊലയും അക്രമണങ്ങളും ഭീഷണികളും ഉണ്ടായെന്ന് മത സ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്ക പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ ഗൗരവത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിം ക്രൈസ്തവ വിഭാഗങ്ങളുടെ ഉൻമൂലനവും പരമത വിദ്വേഷവും സംഘ് പരിവാറിനും ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിക്കും മുഖ്യ അജണ്ടയാണ്.

ഇത് മനസിലാക്കിക്കൊണ്ട് തന്നെയാണ് ബി.ജെ.പി വക്താവ് നൂപൂർ ശർമയുടെയും ഡൽഹി ബി.ജെ.പി മാധ്യമ വിഭാഗം മേധാവി നവിൻ കുമാർ ജീൻ ഡാറിൻറെയും പ്രവാചകനെ അധിക്ഷേപിച്ചു കൊണ്ടുള്ള വംശീയ വിദ്വേഷ പ്രചാരണത്തെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ആൾക്കൂട്ട കൊലപാതകങ്ങളിലൂടെയും വംശഹത്യകളിലൂടെയും നിർമിച്ചെടുക്കുന്ന മോദിയുടെ ഇന്ത്യ, മത നിരപേക്ഷ ഇന്ത്യയെയും വൈവിധ്യങ്ങളുടെ മഴവിൽ ദേശീയതയെയും തകർത്തേ അടങ്ങൂ.ബാബരി മസ്ജിദ് തകർത്തതിനു ശേഷം ഇന്ത്യയിലെ പ്രധാന മസ്ജിദുകൾക്കടിയിലെല്ലാം ശിവലിംഗം തേടി പോകുന്ന വംശീയവും ഹിംസാത്മകവുമായ സംസ്‌കാരത്തിന് തടയിടാൻ മതനിരപേക്ഷ ജനാധിപത്യ ബോധമുള്ളവർ ജാഗ്രത്താവണം -പ്രവാസി വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ എക്‌സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.

Munir Ibrahim 

0564060115

Published 

Show quoted text