ദമാം: കേരള സർക്കാർ നടപ്പിലാക്കി വരുന്ന കേരള പ്രവാസി ക്ഷേമനിധിയിൽ ചേരുവാനുള്ള പ്രവാസികളുടെ ഉയർന്ന പ്രായപരിധി എടുത്തു കളയണമെന്ന് ആവശ്യം. നിലവിൽ 60 വയസ്സാണ് കേരള പ്രവാസി ക്ഷേമനിധിയില് ചേരുവാനുള്ള ഉയർന്ന പ്രായപരിധി. എന്നാൽ ഈ നിബന്ധന മൂലം ലക്ഷക്കണക്കിന് പ്രവാസികൾക്ക് ക്ഷേമനിധിയിൽ ചേരുവാനുള്ള അവസരം നഷ്ടമായതായി കാണുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി ക്ഷേമനിധി 2006 മുതൽ നിലവിൽ വന്നെങ്കിലും പ്രവാസികൾക്കിടയിൽ ഇതേ കുറിച്ച് കൂടുതൽ അവഗാഹം ഉണ്ടായിരുന്നില്ല. ശരിയായ പ്രചാരണങ്ങളുടെ അഭാവമായിരുന്നു കാരണം. എന്നാൽ, സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗൾഫ് പ്രതിസന്ധിഘട്ടത്തിൽ മാത്രമാണ് ഇതിനെപ്പറ്റി ശരിയായ അവബോധം പ്രവാസികൾക്കിടയിൽ വ്യാപകമായത്. പക്ഷെ, അപ്പോഴേയ്ക്കും 60 വയസ്സ് പിന്നിട്ടതിനാൽ, ക്ഷേമനിധിയിൽ അംഗങ്ങൾ ആകാൻ കഴിഞ്ഞില്ല.
കേരള പ്രവാസി ക്ഷേമനിധിയിൽ ചേർന്ന് മിനിമം അഞ്ചു വർഷം ക്ഷേമനിധിവിഹിതം അടച്ചവർക്ക്, അറുപതു വയസ്സ് മുതലാണ് പെൻഷൻ ലഭിയ്ക്കുന്നത്. അത് അങ്ങനെ തന്നെ നിലനിർത്തണം. എന്നാൽ അതോടൊപ്പം അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ക്ഷേമനിധിയിൽ ചേർന്ന്, തുടർച്ചയായി അഞ്ചു വർഷം ക്ഷേമനിധിവിഹിതം അടച്ചതിനു ശേഷം മാത്രം പെൻഷൻ ലഭ്യമാകുന്ന വിധത്തിൽ സംവിധാനം ഉണ്ടാക്കുകയും ചെയ്യണമെന്നാണ് ആവശ്യം. അതോടൊപ്പം, സാമ്പത്തികമായി കഴിയുന്നവർക്ക് ഒറ്റതവണയായി അഞ്ചു വർഷത്തെ മുഴുവൻ തുകയും അടയ്ക്കാനുള്ള സംവിധാനവും സജ്ജമാക്കണം.
കേരള പ്രവാസി ക്ഷേമനിധിയിൽ ചേരുവാനുള്ള ഉയർന്ന പ്രായപരിധി എടുത്തു കളയുന്നപക്ഷം നാലുലക്ഷത്തോളം വിദേശമലയാളികൾക്ക് ക്ഷേമനിധി അംഗത്വം ലഭിയ്ക്കുമെന്നാണ് കണക്ക് കൂട്ടൽ. അതിനാൽ, പ്രവാസി പുനഃരധിവാസത്തിന്റെ ഭാഗമായി ഈ വിഷയത്തില് കേരള സർക്കാരും പ്രവാസി വകുപ്പും അടിയന്തിരമായി ഇടപെട്ട് എല്ലാ വിദേശമലയാളികൾക്കും പ്രവാസി ക്ഷേമനിധിയില് അംഗത്വം എടുക്കാനുള്ള അവസരം നൽകാനായി, ഉയർന്ന പ്രായപരിധി നിബന്ധന എടുത്തു കളയണമെന്ന് നവയുഗം ദമാം മേഖല സമ്മേളനം പാസ്സാക്കിയ ഔദ്യോഗിക പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ദമാം ബദർ അൽറാബി ഹാളിൽ നടന്ന മേഖല സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു.
“പ്രവാസി പെൻഷൻ പദ്ധതി” അറിയേണ്ടതെല്ലാം




