“പ്രവാസി പെൻഷൻ പദ്ധതി” അറിയേണ്ടതെല്ലാം

0
1648

കേരള നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ് കണക്ക് പ്രകാരം
വലിയൊരു വിഭാഗം ആളുകൾ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നുണ്ട്. അവരിൽ നല്ലൊരു ശതമാനവും താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാന വിഭാഗത്തിൽ പെട്ടവരാണ്. ഇടത്തരം-താഴ്ന്ന വരുമാനക്കാരായ ഈ വലിയ കൂട്ടം ഗൾഫ്/മറ്റ് വിദേശ രാജ്യങ്ങളിലെ ജീവിതത്തിനിടയിലും സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോഴും നിരവധി അടിസ്ഥാന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. ഇവർക്ക് ലഭിക്കുന്ന സമ്പാദ്യശീലങ്ങളും പുനരധിവാസ സൗകര്യങ്ങളും അത്ര പ്രതീക്ഷ നൽകുന്നതല്ല. അതുപോലെ നല്ലൊരു ശതമാനം കേരളീയരും കേരളത്തിന് പുറത്താണെങ്കിലും ഇന്ത്യക്കകത്താണ് ജീവിക്കുന്നത്. ഈ പ്രവാസി കേരളീയരും (NRK-ഇന്ത്യ) വിദേശത്തുള്ള NRK- കൾക്ക് സമാനമായ സാഹചര്യങ്ങൾ നേരിടുന്നു.

പ്രവാസി ക്ഷേമനിധി അംഗത്വമെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍

  1. അപേക്ഷകന്‍ 18-60 പ്രായമധ്യേ ആയിരിക്കണം.
  2. അപേക്ഷകര്‍ പ്രാബല്യമുള്ള വിസയില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ആയിരിക്കണം

അല്ലെങ്കില്‍ വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്​തശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയവരായിരിക്കണം.

അല്ലെങ്കില്‍ കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറു​ മാസമായി താമസിച്ചു വരുന്നവരായിരിക്കണം.


പ്രവാസി ക്ഷേമബോര്‍ഡില്‍ അംഗത്വം എടുക്കുന്നതെങ്ങനെ?

ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pravasikerala.org ൽനിന്ന് ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷകളാണ് സമർപ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷന്‍ ഫീസായ 200 രൂപയും ഓണ്‍ലൈന്‍ വഴി അടക്കാവുന്നതാണ്. ഇത്തരത്തില്‍ പൂര്‍ണ രേഖകളും ഫീസും സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് 10 ദിവസത്തിനകം അംഗത്വകാര്‍ഡും അംശദായ അടവ് കാര്‍ഡും സ്വന്തമായി തന്നെ പ്രിൻറ് ചെയ്തെടുത്ത് അംശദായം അടക്കാവുന്നതാണ്.

ഓണ്‍ലൈന്‍ വഴി അംഗത്വം എടുക്കുന്നതാണ് നല്ലത്. ഇതിന്​ കഴിയാത്ത സാഹചര്യത്തില്‍ നേരിട്ടോ തപാലിലോ അയക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന (വെബ് സൈറ്റില്‍ പകര്‍പ്പ് ലഭ്യമാണ്) അതത് ബാങ്കി​ന്റെ ചെല്ലാന്‍/പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് രജിസ്​ട്രേഷന്‍ ഫീസ് അടക്കാവുന്നതാണ്.

അംഗത്വത്തിനായി സമര്‍പ്പിക്കേണ്ട രേഖകള്‍
വിദേശത്ത് ജോലി ചെയ്യുന്നവര്‍ (പ്രവാസി കേരളീയന്‍-വിദേശം)

  1. ഫോം നമ്പര്‍ 1 എ
  2. പാസ്​പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജി​ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  3. പ്രാബല്യത്തിലുള്ള വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  4. പാസ്​പോര്‍ട്ട് സൈസ് ഫോട്ടോ.

വിദേശത്തുനിന്ന് തിരിച്ചു വന്നവര്‍ (മുന്‍ പ്രവാസി കേരളീയന്‍ -വിദേശം)

  1. ഫോം നമ്പര്‍ 1 ബി
  2. പാസ്​പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജി​​​​ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  3. വിദേശത്ത് രണ്ട്​ വര്‍ഷത്തില്‍ കൂടുതല്‍ താമസിച്ചത്​ തെളിയിക്കുന്നതിന് പാസ്​പോര്‍ട്ടില്‍ സ്​റ്റാമ്പ് ചെയ്​ത വിസ പേജുകളുടെ പകര്‍പ്പ് (ആദ്യ വിസയുടെയും അവസാന വിസയുടെയും പകര്‍പ്പ് മാത്രം മതി)
  4. രണ്ട്​ വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസി കേരളീയനായിരുന്നുവെന്നും തിരിച്ചു വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍/തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി/ പ്രസിഡൻറ്​/ഒരു ഗസറ്റഡ് ഓഫിസര്‍/നിയമ സഭാംഗം/പാര്‍ലമെൻറ്​ അംഗം/പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്​ടര്‍ ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യ പത്രം
  5. പാസ്​പോര്‍ട്ട് സൈസ് ഫോട്ടോ

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ (പ്രവാസി കേരളീയന്‍-ഭാരതം)

  1. ഫോം നമ്പര്‍ 2 എ
  2. ജനന തീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  3. അപേക്ഷകന്‍ കേരളത്തിന്​ പുറത്ത് ഇന്ത്യയില്‍ ആറ്​ മാസത്തിലധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സംസ്ഥാനത്തെ വില്ലേജ് ഓഫിസര്‍/തദ്ദേശ ഭരണ സ്ഥാപനത്തി​ന്റെ സെക്രട്ടറി/ പ്രസിഡൻറ്​ /ഒരു ഗസറ്റഡ് ഓഫിസര്‍/ നിയമ സഭാംഗം/പാര്‍ലമെൻറ്​ അംഗം/ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യപത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം.
  4. കേരളത്തിനു പുറത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും തൊഴില്‍ ചെയ്യുകയാണെങ്കില്‍ അത് സംബന്ധിച്ചും ഏതെങ്കിലും വ്യവസായം /ബിസിനസ്​ സ്ഥാപനം നടത്തുകയാണെങ്കില്‍ അത് സംബന്ധിച്ചും സ്വയം തൊഴില്‍ ചെയ്യുകയാണെങ്കില്‍ അത് സംബന്ധിച്ചും അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് താമസിക്കുന്നത് എന്നത് സംബന്ധിച്ചും ബന്ധപ്പെട്ട സംസ്ഥാനത്തെ തൊഴിലുടമയില്‍നിന്നോ സ്ഥാപന അധികാരിയില്‍നിന്നോ വില്ലേജ് ഓഫിസറില്‍നിന്നോ തത്തുല്യ പദവിയില്‍ കുറയാത്ത മറ്റേതെങ്കിലും അധികാരിയില്‍നിന്നോ ഉള്ള സാക്ഷ്യപത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
  5. കേരളീയനാണെന്ന് തെളിയിക്കുന്നതിന് കേരള വിലാസമുള്ള ജനന സര്‍ട്ടിഫിക്കറ്റോ സ്​കൂള്‍ സര്‍ട്ടിഫിക്കറ്റോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
  6. പാസ്​പോര്‍ട്ട് സൈസ് ഫോട്ടോ

ഓഫ് ലൈനായി അംഗത്വ അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫിസുകള്‍

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകള്‍ തിരുവനന്തപുരം ഓഫിസിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ അപേക്ഷകള്‍ എറണാകുളം ഓഫിസിലും മറ്റു ജില്ലകളിലെ അപേക്ഷകള്‍ കോഴിക്കോട് ഓഫിസിലുമാണ് സമര്‍പ്പിക്കേണ്ടത്.


APPLY ONLINE: CLICK HERE

REGISTRATION ഫോറങ്ങൾ : CLICK HERE