മദീന: ചരിത്രത്തിലെ ഏറ്റവും വലിയ വികസനം ലക്ഷ്യമിട്ട് മദീനയിലെ ഖുബാ മസ്ജിദിന്റെ പ്രധാന വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു.
സൽമാൻ രാജാവിന്റെ പേരിലുള്ള പദ്ധതിയുടെ ഭാഗമായി പള്ളിയുടെ വലുപ്പം പതിന്മടങ്ങ് വർധിപ്പിക്കുമെന്ന് റമസാനിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു.
റമസാനിൽ മദീന സന്ദർശിച്ച അദ്ദേഹം വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ വികസനം പൂർത്തിയാകുമ്പോൾ 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 66,000ത്തിലധികം വിശ്വാസികളെ സ്വീകരിക്കാൻ ഖുബ മസ്ജിദിന് കഴിയും.
നാല് വർഷം മുമ്പ് സൗദി സർക്കാരിന്റെ ദേശീയ പുനരുജ്ജീവന പരിപാടിക്ക് കീഴിൽ രാജ്യത്തിലെ 130 ചരിത്രപരമായ പള്ളികൾ പുനഃസ്ഥാപിക്കാൻ കിരീടാവകാശി ഉത്തരവിട്ടിരുന്നു.
റോഡ് ശൃംഖലയും ചുറ്റുപാടുമുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും. പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും സന്ദർശകരുടെ സുരക്ഷ മെച്ചപ്പെടുത്താനും പദ്ധതി വഴി ജനത്തിരക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാനും പള്ളിയുടെയും സമീപത്തുള്ള മറ്റ് സ്മാരകങ്ങളുടെയും വാസ്തുവിദ്യാ ശൈലി സംരക്ഷിക്കുന്നതിനും ഇതു വഴി സാധിക്കും.
13,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടവും സൗകര്യങ്ങളും പരമാവധി 20,000 ആരാധകർക്ക് സൗകര്യമുള്ള 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമാണ് നിലവിലുള്ളത്.
മദീനയിലെ പ്രവാചകന്റെ മസ്ജിദിൽ നിന്ന് 5 കിലോമീറ്റർ തെക്ക് മാറിയാണ് ഖുബ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇത് 622ൽ നിർമ്മിച്ചതാണ്.
മെച്ചപ്പെടുത്തലുകൾ സന്ദർശകരുടെ ഭക്തിയും സാംസ്കാരികവുമായ അനുഭവം വർദ്ധിപ്പിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് പറഞ്ഞു.