- നാളെ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
റിയാദ്: സഊദിയിൽ വിവിധയിടങ്ങളിൽ നാളെ മുതൽ അടുത്ത തിങ്കളാഴ്ച വരെ മഴ ഉൾപ്പെടെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രവചനം. നാളെ മുതൽ അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയും ഇടിമിന്നലും കാറ്റും പ്രതീക്ഷിക്കുന്നതിനാൽ, വിവിധ ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
എല്ലാവരും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും തോടുകളും താഴ്‌വരകളും ഒത്തുചേരുന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും വെള്ള പാച്ചിൽ മുറിച്ചു കടക്കരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം, പൊടിക്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
മക്ക മേഖലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പൊടിപടലങ്ങളും ഉണ്ടാകും. ഹറം പ്രദേശം, അല്‍ കാമില്‍, അല്‍ ജുമും, ഖുലൈസ്, ബഹ്‌റ, തായിഫ്, മെയ്‌സാന്‍, അദ്ഹാം, അല്‍ അര്‍ദിയത്ത്, തുര്‍ബ, അല്‍ മുവൈഹ്, അല്‍-ഖുര്‍മ, റാന്‍യ എന്നിവിടങ്ങളില്‍ മഴയും ജിദ്ദ, റാബിഗ് എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയും ഉണ്ടാകും.
റിയാദ് മേഖലയില്‍ ശക്തമായ മഴ പെയ്യുമെന്നും, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍, അല്‍ അഫ്ലജ് എന്നിവിടങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴ വര്‍ഷം, പൊടിപടലങ്ങള്‍ എന്നിവ ഉണ്ടാകുമെന്നും തലസ്ഥാനമായ റിയാദ്, അല്‍ ദിലം, അല്‍ മുസാഹ്മിയ, ധര്‍മ്മ, മറാത്ത്, ഷഖ്‌റ, അല്‍ ഗാത്ത്, അല്‍ മജ്മഅ, താദിഖ്, ഹുറൈമില, അല്‍ ദിരിയ, റുമ, അഫീഫ്, അല്‍ ദവാദ്മി, അല്‍ ഖുവൈയ്യ, അല്‍ റെയ്ന്‍, ഹവ്താത്ത് ബാനി തമീം, അല്‍ ഹാരിഖ്, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും ഡയറക്ടറേറ്റ് സൂചിപ്പിച്ചു.
തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, മദീന, അല്‍ ബഹ, അസിര്‍, ജസാന്‍, നജ്‌റാന്‍, ഹായില്‍, അല്‍ ഖസിം, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും അത് മിന്നല്‍ വെള്ളപ്പൊക്കം, ആലിപ്പഴ വര്‍ഷം, പൊടിപടലങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും ഡയറക്ടറേറ്റ് സൂചിപ്പിച്ചു.




