ദുബൈ: കഴിഞ്ഞ ദിവസം അബുദാബി ഖാലിദിയ ഏരിയയിലെ ഫുഡ് കെയര്‍ റെസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ
സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കൊളവയല്‍ കാറ്റാടിയിലെ ദാമോദരന്റെ മകന്‍ ധനേഷ് (32) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന്‍ നായരും പാക്കിസ്താന്‍ സ്വദേശിയുമാണ് നേരത്തെ മരിച്ച രണ്ടുപേരെന്ന് വിവരം പുറത്തു വന്നിരുന്നു.
തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റവരില്‍ റസ്റ്റാറന്‍റിലെ എട്ട് ജീവനക്കാരുണ്ടെന്നും സാരമായി പരിക്കേറ്റ മൂന്നുപേര്‍ അപകട നില തരണം ചെയ്തതായും റസ്‌റ്ററന്‍റ് സഹ ഉടമ വെളിപെടുത്തിയിരുന്നു. അപകട സമയത്ത് 10 ജീവനക്കാര്‍ ജോലിയിലുണ്ടായിരുന്നു. അബുദാബി ഖാലിദിയയില്‍ തിങ്കളാഴ്ച യു എ ഇ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റസ്റ്ററന്‍റ് മലബാര്‍ വിഭവങ്ങള്‍ വിളമ്പി ജനപ്രീതിയാര്‍ജിച്ചതാണ്. സംഭവസമയം 40 പേരാണ് ഭക്ഷണം കഴിക്കാൻ റസ്റ്ററന്‍റിലുണ്ടായിരുന്നത്. തിരക്കേറിയ ഖാലിദിയ മാള്‍, ഷൈനിങ് ടവര്‍ എന്നിവയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് റസ്റ്ററന്‍റ് സ്ഥിതി ചെയ്യുന്നത്.
പാചകവാതകം ചോര്‍ന്നാല്‍ യാന്ത്രികമായി ഓഫാകുന്ന സംവിധാനം വരെ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍, പാചകവാതക ലൈന്‍ കടന്നുപോവുന്നത് ആളുകള്‍ കഴിക്കാനിരിക്കുന്ന ഹാളിനു സമീപത്തു കൂടെയാണ്. ഇതിന് അടുത്തുള്ള പാചക വാതക സംഭരണിയിലെ പൊട്ടിത്തെറിയാണ് കെട്ടിടത്തെയാകെ ബാധിച്ചത്.
രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആദ്യ സ്‌ഫോടനത്തിനുശേഷം ശബ്ദം കേട്ട് ആളുകൾ എത്തിയിരുന്നു. പിന്നീട് പത്തിരുപത് മിനിറ്റുകൾക്കു ശേഷം വീണ്ടും സ്‌ഫോടനം നടന്നു. ആറ് കെട്ടിടങ്ങൾക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് ആറ് കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. നിസാര പരിക്കേറ്റവരെ തിങ്കളാഴ്ച വൈകീട്ടോടെ സുരക്ഷിതമായ താമസ സ്ഥലങ്ങളിലേക്ക് അധികൃതര്‍ തന്നെ മാറ്റുകയും ചെയ്തിരുന്നു.
അബുദാബിയിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: രണ്ട് മരണം, നൂറിലധികം പേർക്ക് പരിക്ക്




