റിയാദ്: സഊദി അറേബ്യയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ടൂറിസം സഹമന്ത്രി ഹൈഫ ബിൻത് മുഹമ്മദ് അൽ സഊദ് രാജകുമാരി പറഞ്ഞു. വിനോദസഞ്ചാരത്തെ ആകർഷിക്കാൻ മദ്യം നിരോധിക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം വിശദീകരിച്ചത്. കഴിഞ്ഞ വർഷം 60 ദശലക്ഷത്തിലധികം സന്ദർശകർ സഊദിയിലെത്തിയെന്നും മന്ത്രി പറഞ്ഞു.
മുൻ കാലങ്ങളിൽ മതപരമായ തീർത്ഥാടനത്തിനെത്തിയിരുന്ന സന്ദർശകരേക്കാൾ കൂടുതലായാണ് ഇപ്പോൾ ടൂറിസം മേഖലയിൽ സന്ദർശകരുടെ എണ്ണം. ദേശീയ ടൂറിസം പദ്ധതി ആരംഭിച്ചപ്പോൾ നാല് ലക്ഷം സന്ദർശകരാണ് ഉണ്ടായിരുന്നത്.
അതേസമയം, ടൂറിസം മേഖലയിൽ മികച്ച നേട്ടം കൈവരിക്കുമ്പോഴും, രാജ്യത്തിന്റെ മൂല്യം കാത്ത് സൂക്ഷിക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് മദ്യം നിരോധിച്ചതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും മദ്യനിരോധനവുമായി ബന്ധപ്പെട്ട നിയമം കർശനമായി പാലിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മദ്യ നിരോധനം തുടരുമ്പോഴും ആഗോള തലത്തിൽ വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട രാജ്യമായി സഊദി അറേബ്യമാറിയെന്നും, ടൂറിസം മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെന്നും ഹൈഫ ബിൻത് മുഹമ്മദ് അൽ സഊദ് രാജകുമാരി പറഞ്ഞു.




