ജുബൈൽ: രാജ്യത്തെ പ്രവാസികൾക്കിടയിൽ തരംഗമായ ഗൾഫ് മാധ്യമം ‘വിജയ് ദം ദം ബിരിയാണി’റോഡ് ഷോയുടെ ആവേശം ഇനി ജുബൈലിലേക്ക്.
നജ്റാനിലും അബഹയിലും ആയിരങ്ങളെ സാക്ഷിനിർത്തി പ്രശസ്ത അവതാരകനും ഫുഡ് വ്ലോഗറുമായ രാജ് കലേഷിന്റെ (കല്ലു) നേതൃത്വത്തിൽ നടന്ന വിജയകരമായ പരിപാടികൾക്ക് ശേഷമാണ് ബിരിയാണി മാമാങ്കത്തിന്റെ ഭാഗമായുള്ള മെഗാ റോഡ് ഷോ ജുബൈലിൽ എത്തുന്നത്. ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിലാണ് പരിപാടി. സജിൻ നിഷാൻ അവതാരകനായി എത്തും.
ബിരിയാണി പ്രദർശനത്തിനൊപ്പം വിനോദത്തിന്റെയും സമ്മാനങ്ങളുടെയും വലിയൊരു നിര തന്നെ അണിനിരക്കും. നേരത്തെ ‘വിജയ് ദം ദം ബിരിയാണി’മത്സരത്തിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കായി ഒരുക്കുന്ന ‘ലാറ്ററൽ എൻട്രി’മത്സരമാണ് ജുബൈലിലെ പ്രധാന ആകർഷണം. ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് മറ്റ് കടമ്പകളില്ലാതെ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റ്’സ്വന്തമാക്കാം.
ഫാമിലി ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, വിജയ് മസാലയുടെ ആകർഷകമായ ഗിഫ്റ്റ് ഹാംപറുകൾ എന്നിവ ഉണ്ടാകും. ജുബൈലിലെ ഭക്ഷണപ്രേമികളെയും പ്രവാസി കുടുംബങ്ങളെയും ഒന്നിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും തുടർന്ന് മെയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കും ജുബൈലിൽ നിന്നുള്ള ഭാഗ്യശാലികളെ കണ്ടെത്താനാണ് ഈ റോഡ് ഷോ.
പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിന്റെ രുചിമഹാറാണി ആബിദ റഷീദ്, രാജ് കലേഷ് തുടങ്ങിയവർ പങ്കെടുക്കുന്ന ഫിനാലെയിൽ 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സര രജിസ്ട്രേഷന് http://www.madhyamam.com/dumdumbiriyani എന്ന ലിങ്കിലോ 057 372 8259 എന്ന നമ്പറിലോ ബന്ധപ്പെടാം.





