റമദാൻ സേവന പ്രവർത്തനങ്ങളിൽ മാതൃകയായി ജുബൈൽ മലയാളി സമാജം; മരുഭൂമിയിലെ ആട്, ഒട്ടക തൊഴിലാളികൾക്കും ലേബർ ക്യാമ്പുകളിലും ആശ്വാസമായി ഇഫ്താറുകളും 

0
6

ജുബൈൽ: കാരുണ്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും മാനവിക സന്ദേശം ഉദ്ഘോഷിക്കുന്ന പുണ്യമാസമായ റമദാനിൽ, പ്രവാസലോകത്തെ പാവപ്പെട്ടവർക്കും സാധാരണക്കാരായ തൊഴിലാളികൾക്കും ആശ്വാസമേകി ജുബൈൽ മലയാളി സമാജം. തുടർച്ചയായ ഏഴാം വർഷവും വൈവിധ്യമാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമായാണ് സമാജം ഈ റമദാനെ വരവേറ്റത്.

റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി അർഹരായ പ്രവാസികൾക്ക് നെസ്റ്റോ ജുബൈൽ, ഖുൽഫി ബ്രോസ്റേർഡ്, സിറ്റി ഫ്‌ളവർ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് റമദാൻ കിറ്റുകൾ വിതരണം ചെയ്തു. കിംസ് ആശുപത്രിക്ക് സമീപം നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ , ഭാരവാഹികളായ ആശ ബൈജു, നീതു രാജേഷ് , ബിബി രാജേഷ് എന്നിവർ ചേർന്നാണ് പരിപാടിക്ക് തുടക്കമിട്ടത്.

ആഡംബര പൂർണ്ണമായ ഇഫ്താർ സംഗമങ്ങൾക്ക് നടുവിൽ, ആരും എത്തിപ്പെടാത്ത മരുഭൂമിയിലെ ലേബർ ക്യാമ്പുകളിലും ആടുകളെയും ഒട്ടകങ്ങളെയും മേയ്ച്ചു കഴിയുന്ന സാധാരണക്കാരായ തൊഴിലാളികൾക്കിടയിലുമാണ് സമാജം ഇത്തവണയും ഇഫ്താർ ഒരുക്കിയത്.

ജുബൈലിൽ നിന്നും 70 കിലോമീറ്ററോളം അകലെയുള്ള ഫാദിലി ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി ഇഫ്താർ സംഘടിപ്പിച്ചു. പൈപ്പ്‌ലൈൻ റോഡിനോട് ചേർന്നുള്ള മരുഭൂമിയിലെ താമസക്കാർക്കായും സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിദേശത്തേക്ക് ചരക്കുകൾ കൊണ്ടുപോകുന്ന ഹെവി ഡ്രൈവർമാർക്കുള്ള ലേബർ ക്യാമ്പ് കേന്ദ്രീകരിച്ചും പ്രത്യേക ഇഫ്താർ ഒരുക്കി. വിവിധ ഫലവർഗങ്ങൾ, വിഭവങ്ങൾ, ജ്യൂസ്, വെള്ളം എന്നിവയുമായി സമാജം പ്രവർത്തകരും കുടുംബങ്ങളും നേരിട്ടെത്തിയാണ് തൊഴിലാളികൾക്കൊപ്പം നോമ്പ് തുറന്നത്. ജാതി-മത-ഭാഷാ ഭേദമന്യേ നൂറുകണക്കിന് ആളുകൾ ഈ കൂട്ടായ്മകളിൽ പങ്കുചേർന്നു. നോമ്പുതുറയ്ക്കും ഇശാ നമസ്കാരത്തിനും ശേഷമാണ് പ്രവർത്തകർ മടങ്ങാറുള്ളത്.

വർഷാവർഷം ആയിരത്തിലധികം പ്രവാസി സഹോദരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കുന്ന സമാജം, ഇത്തരം സന്ദർഭങ്ങൾ തൊഴിലാളികളുടെ പ്രയാസങ്ങൾ കേട്ടറിയാനുള്ള വേദിയായും ഈ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നു. സുമനസ്സുകളായ സുഹൃത്തുക്കളുടെയും സമാജം അംഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നത്. രോഗവും അപകടങ്ങളും കാരണം ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കുക എന്നത് കൂടി സമാജത്തിന്റെ ലക്ഷ്യമാണെന്ന് ഭാരവാഹികളായ ജനറൽ സെക്രട്ടറി ബൈജു അഞ്ചലും ട്രഷറർ സന്തോഷ്‌ ചങ്കിക്കൽ പറഞ്ഞു. ഇത്തവണ 1000-ത്തോളം പേർക്ക് ഇഫ്താർ വിരുന്നും 250 പേർക്ക് റമദാൻ കിറ്റ് വിതരണവും നടത്താൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.

റമദാനിന്റെ ആദ്യ വെള്ളിയാഴ്ച ജുബൈലിലെ പ്രവാസി സംഘടനകളെയും പൗരപ്രമുഖരെയും ഉൾപ്പെടുത്തി വിപുലമായ ഇഫ്താർ സംഗമവും സമാജം സംഘടിപ്പിച്ചിരുന്നു. ഷാജഹാൻ പൊടിക്കട, നസ്സാറുദീൻ പുനലൂർ, ഷഫീഖ് താനൂർ, ഹാരിസ് ,റിയാസ് N P, അഡ്വ ജോസഫ് മാത്യു മാമൂടാൻ, മുബാറക് ഷാജഹാൻ, നിസ്സാർ ഇബ്രാഹിം, അഷറഫ് നിലമേൽ, കുമാർ, ജാഫർ താനൂർ, ജലീൽ, നസ്സാറുദീൻ ആലപ്പി, ലേഡീസ് വിംഗ് പ്രവർത്തകർ ആശ ബൈജു, നീതു രാജേഷ്, സിനി സന്തോഷ്‌, ധന്യ ഫെബിൻ, ബിനു ശരത്, ഫരീദ ഹാരിസ്, ഷെയ്ക, ഗീത ജോസഫ് എന്നിവർ നേതൃത്വം കൊടുത്തു. പ്രവാസത്തിന്റെ ചുട്ടുപൊള്ളുന്ന വഴികളിൽ സ്നേഹത്തിന്റെ തണലായി ജുബൈൽ മലയാളി സമാജം  പ്രയാണം തുടരുകയാണ്. വിവിധ റമദാൻ പദ്ധതികളുടെ ഫോട്ടോകൾ 👇