റിയാദ്: രാജ്യത്ത് ഓണ്‍ലൈനായി ബാങ്ക് അകൗണ്ടുകള്‍ തുറക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് സെൻട്രൽ ബാങ്ക് തീരുമാനം. വ്യക്തികളുടെയും വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും പേരിലുള്ള അകൗണ്ടുകളിലേക്ക് ഒരു ദിവസം ആറായിരം റിയാല്‍ വരെ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നും സഊദി സെൻട്രൽ ബാങ്ക് നിർദേശം നൽകി. ബാങ്കുകള്‍ വഴി പണം തട്ടിപ്പ് നടത്തുന്ന കേസുകള്‍ വര്‍ധിച്ചതോടെയാണ് സൗദി സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഏപ്രിൽ പത്തിനു ഞായറാഴ്ച മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേ സമയം ആവശ്യക്കാർക്ക് ഓൺലൈൻ വഴി ആറായിരം റിയാലിൽ അധികം അടക്കണമെന്നുണ്ടെങ്കിൽ പ്രതിദിന പരിധി ഉയർത്താൻ ബാങ്കുകളോട് അപേക്ഷിക്കാൻ അനുമതിയുണ്ട്. വ്യാജ വെബ്‌സൈറ്റുകളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും വർദ്ധനവും ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വിവിധ മാർഗങ്ങളിലൂടെ തട്ടിപ്പ് നടത്തുന്നത് വർദ്ധിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ.
കൂടാതെ, ലോക്കല്‍ ബാങ്കുകള്‍ തമ്മിലുള്ള ഫാസ്റ്റ് സിസ്റ്റം ട്രാന്‍സ്ഫറുകളിൽ പണം അയക്കുന്ന ആളുടെ അകൗണ്ടിൽ രണ്ട് മണിക്കൂർ സമയവും അന്താരാഷ്ട്ര ട്രാന്‍സ്ഫറുകളിൽ പണമയക്കുന്നയാളുടെ അകൗണ്ടിൽ 24 മണിക്കൂറും പണം സൂക്ഷിക്കാനും നിർദേശമുണ്ട്. ബാങ്ക് അകൗണ്ട് വിവരങ്ങളും പാസ്‌വേര്‍ഡുകളും മറ്റുളളവര്‍ക്ക് കൈമാറരുതെന്നും സെന്‍ട്രല്‍ ബാങ്ക് ഓര്‍മിപ്പിച്ചു.




