അറബ് നാടുകളിൽ ഏറ്റവും സുലഭമായ ഒരു പാനീയമാണ് റൂഹ് അഫ്‌സ. നോമ്പു കാലത്തു ഇതിന് നല്ല ഡിമാന്റാണ്. ഉത്തരേന്ത്യക്കാരും പാക്കിസ്ഥാൻകാരുമാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ. എങ്കിലും ഇതിന്റെ ഫലം അറിയുന്നവർ ഇത് സ്ഥിരമായി ചൂട് കാലത്തു കുടിക്കാറുണ്ട്. നോമ്പുകാലത്ത് ഉത്തരേന്ത്യക്കാരുടെ തീൻ മേശകളിൽ മുഖ്യമായി സ്ഥാനം പിടിക്കുന്ന പാനീയം കൂടിയാണിത്. അടുത്ത കാലത്തായി മലയാളികളും ഈ പാനീയം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കടുത്ത ചൂടിൽ ശരീരത്തിന് ഏറെ കുളിരു നൽകുന്ന ഒരു തരം പാനീയമാണെന്നതാണ് ഇത് ഉത്തരേന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടതാകാൻ കാരണം. 1907 ൽ തെക്കനേഷ്യയിലെ ഏറ്റവും പ്രസിദ്ധനായ പ്രമുഖ യൂനാനി മരുന്നു നിർമ്മാതാക്കളായ ഹംദർദിന്റെ സ്ഥാപകൻ ഹകീം ഹാഫിസ് അബ്ദുൽ മജീദാണ് ഈ പാനീയത്തിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹത്തിന്റെ ദൽഹിയിലെ പഴയ രണ്ടു മുറി കെട്ടിടത്തിൽ പഴങ്ങളുടെയും പൂക്കളുടെയും സത്തുക്കൾ കൂട്ടിച്ചേർത്താണ് റൂഹ് അഫ്‌സക്ക് ചേരുവകൾ ഉണ്ടാക്കിയത്.
പാഴ്‌സലിൻ, ചിക്കോരി, ഉണക്ക മുന്തിരി ചാർ, യൂറോപ്യൻ വെള്ള ആമ്പൽ, നീല നക്ഷത്ര ആമ്പൽ, താമര, ബൊറേജ് എന്ന ഒരു താരം മുള്ളൻ ചെടി എന്നീ ഔഷധ സസ്യങ്ങളും, ഓറഞ്ച്, ചെറുനാരങ്ങ, കൈതച്ചക്ക, ആപ്പിൾ, കുരുവില്ലാപഴം, സ്‌ട്രോബെറി, റാസ്‌ബെറി, ചുവന്ന ബെറി, ചെറിക്കായ, മുന്തിരി, ബഌക് കറൻറ്, തണ്ണി മത്തൻ എന്നീ പഴങ്ങളുടെ ചാറും റോസ്, ഓറഞ്ച്, കെവ്‌റ, നാരങ്ങ എന്നിവയുടെ പൂക്കളുടെ ചാറും, രാമച്ചത്തിന്റെ വേര് തുടങ്ങിയവയുമാണ് ഔഷധ മൂല്യമുള്ള ഈ പാനീയത്തിന്റെ ചേരുവകൾ.
വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ എത്തിയ മജീദ് വൈദ്യന്റെ മക്കളിൽ ഒരാൾ ഇതേ ചേരുവകൾ കൂട്ടിച്ചേർത്ത് അവിടെയും ഇതിന്റെ പ്രശസ്തി എത്തിക്കുകയായിരുന്നു. രാസപദാർത്ഥങ്ങളും കൃത്രിമ ചേരുവകളും ഇല്ലെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. എട്ട് വർഷം മുൻപത്തെ കണക്കനുസരിച്ചു ഇന്ത്യൻ പാനീയങ്ങളുടെ ഇടയിൽ പകുതിയിലധികം ആവശ്യക്കാരുള്ളത് റൂഹ് അഫ്‌സയ്ക്കാണ്.
ഗാസിയാബാദിലെയും ഗുഡ്ഗാവിലെയും പ്ലാന്റുകളിൽ വേനൽക്കാലത്തു ഇതിന്റെ ഉത്പാദനം പ്രതിദിനം മൂന്നു ലക്ഷം കുപ്പികളാണാത്രേ. വിദേശ രാജ്യങ്ങളിലേക്ക് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് ഇവ കയറ്റുമതി ചെയ്യപ്പെടുന്നത്. ഹംദർദ് വഖഫ് ലബോറട്ടറീസ് എന്നീ പേരുകളിലുള്ള കമ്പനികളിൽ നിന്നുമാണ് കയറ്റുമതി. ബംഗ്ലാദേശിലും ഈ പാനീയത്തിനു നല്ല ആവശ്യക്കാരാണുള്ളത്. തണുത്ത വെള്ളത്തിലോ, നാരങ്ങയോ പാലോ ചേർത്തോ ആണ് ഇതു കുടിക്കുന്നത്.
എന്നാൽ, ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന റൂഹ് അഫ്സ പാനീയത്തിലും നിരവധി കെമിക്കലുകൾ ചേർക്കുന്നുണ്ടെന്നും പറയപ്പെടുന്നു.




