ദമാം: സഊദിയിലെ വിമാനത്താവളങ്ങൾ ഗൾഫ് വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു. നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ വ്യോമ പാതകൾ അടഞ്ഞു കിടക്കുന്നതിനാൽ സർവ്വീസുകൾ അലങ്കോലമായതോടെയാണ് സഊദി കേന്ദ്രീകരിച്ചു സർവ്വീസുകൾ നടത്താൻ വിവിധ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികൾ തയ്യാറായത്.
കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചു. സഊദി വ്യോമ പാതകളിൽ ഇപ്പോഴും കാര്യമായ ഭീഷണികൾ ഇല്ലെന്നതും ഗൾഫ് വിമാന കമ്പനികളെ സഊദി അടിസ്ഥാനമാക്കി സർവ്വീസുകൾ നടത്താനും പ്രേരിപ്പിക്കുന്നുണ്ട്.
അയൽ രാജ്യം കൂടിയായ ബഹ്‌റൈൻ ദേശീയ വിമാന കമ്പനി തങ്ങളുടെ ഒട്ടുമിക്ക സർവ്വീസുകളും ദമാമിൽ നിന്നാണ് നിലവിൽ സർവ്വീസുകൾ ഒപ്പറേറ്റ് ചെയ്യുന്നത്. യുദ്ധം തുടക്കത്തിൽ തന്നെ ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച ഗൾഫ് എയർ സർവ്വീസുകൾ പിന്നീട് ഗൾഫ് എയർ ഔദ്യോഗികമായി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദമാമിൽ നിന്ന് കെയ്‌റോ, ലണ്ടൻ, ബാങ്കോക്ക്, മനില, പാരീസ്, നെയ്‌റോബി, കാസബ്ലാങ്ക, ഫ്രാങ്ക്ഫർട്ട് എന്നിവയുൾപ്പെടെ പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടി സർവീസുകൾ ആരംഭിച്ചതായി ഗൾഫ് എയർ പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത് എയറും സർവ്വീസ് ഓപ്പറേഷൻ ദമാം വഴി ആക്കിയിട്ടുണ്ട്. മർച്ച് 22 മുതൽ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിലേക്ക് കുവൈറ്റ് എയർവേയ്‌സ് സർവീസുകൾ ആരംഭിക്കുമെന്ന് ദമാം എയർപോർട്ട് കമ്പനി പ്രഖ്യാപിച്ചു. ലണ്ടൻ, കെയ്‌റോ, ഇസ്താംബുൾ, അമ്മാൻ, പാരീസ് എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങൾ വ്യോമയാന കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും യാത്രക്കാർക്ക് വിശാലമായ യാത്രാ സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നു.
മേഖലയിലെ യുദ്ധം കാരണം ബഹ്‌റൈൻ വ്യോമാതിർത്തി തുടർച്ചയായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഗൾഫ് എയറിന്റെ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിൽ ദമാം വിമാനത്താവളത്തിന് ഇത് ഒരു വിജയമായി കണക്കാക്കപ്പെടുന്നു.
കുവൈത്തിലെ തന്നെ മറ്റൊരു പ്രധാന വിമാന കമ്പനിയായ ജസീറ എയർവൈസും ഇറാഖ് എയർവൈസും സർവീസുകൾ സഊദി കേന്ദ്രീകരിച്ചു മാറ്റിയിട്ടുണ്ട്. ബഹ്‌റൈൻ, കുവൈത് ദേശീയ വിമാന കമ്പനികളായ ഗൾഫ് എയറും കുവൈത് എയറും സഊദിയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ നടത്തുമ്പോൾ, കുവൈറ്റിലെ ജസീറ എയർവേയ്‌സ് സഊദിയിലെ ഖൈസുമ വിമാനത്താവളത്തിൽ നിന്നും ഇറാഖി എയർവേയ്‌സ് അറാർ വിമാനത്താവളത്തിൽ നിന്നുമാണ് സർവ്വീസുകൾ സജ്ജീകരിക്കുന്നത്.





