സഊദിയിലെ മുഴുവൻ തത്മൻ ക്ലിനിക്കുകളും അടച്ചുപൂട്ടുന്നു

0
5324

റിയാദ്: സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ പിൻവലിച്ചതോടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള തത്മൻ ക്ലിനിക്കുകളും അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയതായി ഉറവിടങ്ങൾ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് കാലത്ത് പ്രത്യേകമായി തുറന്നതായിരുന്നു തത്മൻ ക്ലിനിക്കുകൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തിലെ എല്ലാ മുൻകരുതൽ നടപടികളും എടുത്തുകളഞ്ഞ് ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതോടെയാണ് തത്മൻ ക്ലിനിക്കുകൾ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ നിർദ്ദേശം നൽകിയതായി ഉറവിടം വ്യക്തമാക്കി.

കൊവിഡ് തുടക്കത്തിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നവരുടെ പരിശോധനക്കായി പ്രത്യേക കേന്ദ്രമായി രാജ്യത്ത് തത്മൻ എന്ന പേരിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചത്. ആഴ്ചയിൽ മുഴുവൻ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയിലായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ. കടുത്ത പനി അടക്കമുള്ള കൊവിഡ് ലക്ഷങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് വേഗത്തിലുള്ള പരിശോധന നൽകുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു.

കൊറോണ മഹാമാരിയെ കുറിച്ചുള്ള വാർത്താ സമ്മേളനം റദ്ദാക്കുക, മുൻകരുതൽ നടപടികൾ ലഘൂകരിക്കുക, രാജ്യത്തെ കൊറോണ വിവരങ്ങൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രം പ്രസിദ്ധീകരിക്കുക എന്നിവ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാജ്യം കൊവിഡ് മുക്തമായതാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.