സ്കൂൾ ബസ് തീപിടിച്ച് കത്തി നശിച്ചു, കുട്ടികൾക്ക് രക്ഷകനായി ബസ് ഡ്രൈവർ

0
2030

ഷാർജ: ഷാർജയിൽ സ്കൂൾ ബസിനു തീപ്പിടിച്ചു. അൽ താവുൻ ഏരിയയിൽ സ്‌കൂൾ ബസിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കാനായതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

യാതൊരു അപകടവും കൂടാതെ വിദ്യാർത്ഥികളെ ബസിൽ നിന്ന് ഒഴിപ്പിച്ചതായും ആർക്കും പരിക്കോ ശ്വാസംമുട്ടലോ ഉണ്ടായിട്ടില്ലെന്നും ഷാർജ സിവിൽ ഡിഫൻസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ബസിനു തീപിടിച്ചപ്പോൾ സ്‌കൂൾ ബസ് ഡ്രൈവർക്കും സൂപ്പർവൈസർക്കും വിദ്യാർഥികളെ ഒഴിപ്പിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഷാർജയിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻസ് റൂമിൽ ഉച്ചയ്ക്ക് 2:52 നാണ് തീപിടിത്തമുണ്ടായ വിവരം എത്തിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ സംഘം 14 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.