ഇഖാമ കാലാവധി കഴിഞ്ഞവർക്ക് സ്പോൺസറുടെ അനുവാദമില്ലാതെയുള്ള ഫൈനൽ ഏക്സിറ്റ് നടപടികൾ തുടരുന്നു, ഉപയോഗപ്പെടുത്തി നിരവധി പേർ

എംബസി ഉദ്യോഗസ്ഥന്റെ കിഴക്കൻ പ്രവിശ്യ സന്ദർശനം പ്രവാസികൾക്ക് ആശ്വാസം

0
11213

ദമാം: ഇഖാമ കാലാവധി കഴിഞ്ഞവർക്ക് സ്പോൺസറുടെയോ കമ്പനിയുടെയോ അനുവാദം ആവശ്യമില്ലാതെ തന്നെ ഫൈനൽ ഏക്സിറ്റ് വിസ ലഭ്യമാകുന്ന നടപടികൾ തുടരുന്നു. രണ്ടര വർഷം മുമ്പ് സഊദി ഗവണ്മെന്റ് പ്രഖ്യാപിച്ച ആനുകൂല്യം ഇപ്പോഴും തുടരുകയാണ്. ഇത് ഉപയോഗപ്പെടുത്തി നിരവധി പേരാണ് ഇതിനകം തന്നെ നാടണഞ്ഞത്. ഇഖാമ ഇഷ്യു ചെയ്ത അതാത് പ്രദേശത്തെ ലേബർ ഓഫീസിൽ നിശ്ചിത ഫോറത്തിൽ എംബസിയുടെ ലെറ്റർ സഹിതം അപേക്ഷ നൽകിയാണ് ഇതിനായുള്ള നടപടികൾ പൂർത്തീകരിക്കേണ്ടത്.

അപേക്ഷ നൽകി പത്ത് ദിവസത്തിനകം ജവാസാത്തിലേക്കുള്ള ഒരു ഫയർ നമ്പർ ലഭിക്കുകയും അതുമായി ജവാസാത്തിനെ സമീപിച്ചാൽ ഏക്സിറ്റ് ലഭിക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. https://www.eoiriyadh.gov.in എന്ന എംബസിയുടെ ലിങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്ത ശേഷം എംബസിയുടെ ലെറ്റർ ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നേരത്തേ റജിസ്റ്റർ ചെയ്തവർക്കുള്ള ലെറ്ററുമായി മാസം തോറും രണ്ട് തവണയെങ്കിലും റിയാദിൽ നിന്നും കമ്യൂണിറ്റി വെൽഫെയർ ലേബർ സെക്ഷൻ വിഭാഗം എംബസി ഉദ്യോഗസ്ഥൻ ആശിഖ് തലയൻ കണ്ടി ദമാം, ജുബൈൽ സന്ദർശനം നടത്തിവരികയാണ്. സന്ദർശനത്തിടെ ജുബൈൽ ലേബർ ഓഫീസിൽ ഇന്ത്യൻ എംബസി വളണ്ടിയർ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ സഹകരണത്തോടെ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് അപേക്ഷ നൽകി സജ്ജീകരണങ്ങളൊരുക്കുന്നത് വലിയൊരാശ്വാസമാണ്.

അനേകം പേർക്ക് ഫൈനൽ ഏക്സിറ്റ് ലഭിച്ച് ഇതിനകം ഇതുവഴി ആശ്വാസ പൂർവ്വം നാടണഞ്ഞു. രണ്ടാഴ്ച മുമ്പുള്ള ജുബൈൽ (അൽജുഐമ) ലേബർ ഓഫീസ് സന്ദർശനത്തിലും അപേക്ഷകൾ നൽകിയ ഇരുപതോളം പേർക്ക് ഫയൽ നമ്പർ കിട്ടി തുടങ്ങിയതായി സൈഫുദ്ധീൻ പൊറ്റശേരി മലയാളംപ്രസിനോട് പറഞ്ഞു. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്ക്, ലേബർ ഓഫീസിന്റെ സഹകരണവും എംബസിയുടെ സഹായവും വലിയൊരാശ്വാസമാണ്. കുടുംബവുമായി കഴിയുന്നവരിൽ ഹുറൂബിലായ ഏറെക്കുറെ പേർക്കും ഫൈനൽ ഏക്സിറ്റ് ലഭിക്കാനായും ഈയവസരം ഉപകരിച്ചു.

അൽ ഖോബാർ നാടുകടത്തൽ കേന്ദ്രത്തിൽ( തർഹീൽ) ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഹുറൂബിൽ പിടിയിലായവർക്കും പാസ്പോർട്ടില്ലാത്തതിനാലും കാലാവധി കഴിഞ്ഞതിനാലും നാട്ടിൽ പോവാൻ കഴിയാതെ യാത്ര മുടങ്ങിയവർക്കും എംബസിയുടെ സഹായത്തോടെ യാത്രാ രേഖകൾ ശരിപ്പെടുത്തി എംബസി ഉദ്യോഗസ്ഥൻ ആഷിഖ് തലയൻ കണ്ടി തർഹീലിൽ എത്തിച്ചു കൊടുക്കുന്നതും ജയിലിൽ കഴിയുന്നവർക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കുന്നു. വരും മാസങ്ങളിലും അഭിനന്ദനാർഹമായ ഈ പ്രവർത്തനം അവസരത്തിന്നൊത്ത് തുടർന്നു കൊണ്ടേയിരിക്കും. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങളുളള ജുബൈലിൽ ഇഷ്യു ചെയ്ത ഇക്കാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബിലായവർക്കും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ എംബസി വളണ്ടിയർ സൈഫുദ്ദീൻ പൊറ്റശേരിയെ സമീപിക്കാവുന്നതാണ്.

ഇടക്കിടെയുള്ള സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ജുബൈൽ ജയിൽ സന്ദർശനവും ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പാസ്പോർട്ട് ഇല്ലാത്തവരോ കാലാവധി കഴിഞ്ഞവരോ ആയ ജയിൽ തടവുകാർക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യാത്രാ രേഖകൾ ശരിപ്പെടുത്തി എത്തിച്ച് കൊടുക്കുന്നതും നാട്ടിലേക്കുള്ള യാത്ര ത്വരിതഗതിയിലാക്കാൻ സഹായകമാവാറുണ്ട്. രേഖകളൊക്കെ ശരിപ്പെടുത്തി അനന്തരനടപടികൾ വേഗതയിലാക്കാൻ ജയിലധികൃതരുടെ സഹകരണവും അഭിനന്ദനാർഹമാണ്. ഈ വരുംദിവസങ്ങളിൽ മൂന്ന് മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാ നടപടികൾ പൂർത്തീകരിക്കുന്നതോടെ അവരും താമസിയാതെ തന്നെ നാടണയുന്നതാണ്.