റിയാദ്: കൊവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് സഊദിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുക തന്നെ വേണമെന്ന് വിമാന കമ്പനികൾ. ഇത്തരത്തിലുള്ളവർ സഊദിയിൽ ഹോട്ടൽ ക്വാറന്റൈൻ വാങ്ങിയാലും യാത്ര സാധ്യമാകില്ല. ഇതേതുടർന്ന് ശനിയാഴ്ച കോഴിക്കോട് നിന്നും നിരവധി പേർക്കാണ് യാത്ര മുടങ്ങിയത്. ജിദ്ദയിലേക്കുള്ള വിമാനമാണ് യാത്ര ചെയ്യാൻ അനുവദിക്കാതെ യാത്രക്കാരെ മടക്കിയത്.
കൊവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാതെ സഊദിയിലേക്ക് യാത്ര അനുവദിക്കുന്നില്ലെന്ന് ഇന്ന് രാവിലെ മലയാളംപ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. സഊദി എയർലൈൻസ് ഇത് സംബന്ധിച്ച് അറിയിപ്പും നൽകിയിട്ടുണ്ട്. അവരുടെ ഏറ്റവും പുതിയ ട്രാവൽ അപ്ഡേറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് യാത്ര തന്നെ അനുവദിക്കാൻ പറ്റില്ലെന്ന നിലപാടിലാണ് വിമാന കമ്പനികൾ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചതെന്നും വാക്സിൻ സ്വീകരിച്ച് എട്ട് മാസം പിന്നിതിനാൽ ബൂസ്റ്റർ എടുക്കാതെ യാത്ര ചെയ്യാൻ സാധിക്കില്ലെന്നുമാണ് ബോർഡിങ് സമയത്ത് വിമാന കമ്പനി അറിയിച്ചതെന്ന് യാത്ര തടസപ്പെട്ട യാത്രക്കാരൻ മലയാളംപ്രസിനോട് പറഞ്ഞു.
കൊവിഡ് മൂലം ഏറെക്കാലമായി നാട്ടിലായതിനാൽ രണ്ട് ഡോസും ഇദ്ദേഹം നാട്ടിൽ നിന്ന് തന്നെയാണ് എടുത്തിട്ടുള്ളത്. അതിനാൽ സഊദിയിൽ ആവശ്യമായ അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പാക്കേജും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ, രണ്ടാം ഡോസ് വാക്സിൻ എടുത്ത് 8 മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്നും യാത്ര ചെയ്യാൻ സാധിക്കില്ലെന്നും ഇവർ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ ടിക്കറ്റ് മാർച്ച് പത്തിലേക്ക് റീ ഷെഡ്യുൾ ചെയ്തു നൽകുകയുമായിരുന്നു.
ഈ സാഹചര്യത്തിൽ സഊദിയിലേക്കുള്ള യാത്രക്കാർ തങ്ങളുടെ ബൂസ്റ്റർ ഡോസ് നില പരിശോധിക്കുന്നത് നന്നായിരിക്കും. റീ എൻട്രിക്കാരായ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം കഴിയുന്നവർ ആണെങ്കിൽ എങ്ങനെയെങ്കിലും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുകയും അത് തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുകയും വേണം. പക്ഷെ, ഒമ്പതു മാസം പിന്നിട്ടവർക്കാണ് നാട്ടിൽ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതെന്നത് പ്രതിസന്ധി തീർക്കും. നാട്ടിലേക്ക് പോകുന്നവരും സഊദിയിൽ നിന്ന് തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു തവക്കൽനയിൽ അപ്ഡേറ്റ് ആയ ശേഷം യാത്ര പോകുന്നതായിരിക്കും ഉചിതം.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇
Gulf News Updates Whatsup
സഊദിയിലേക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം; സഊദി എയർലൈൻസ്




