ജിദ്ദ: നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലി തുടരുകയാണ്. ഇതിന്റെ ഭാഗമായി ജിദ്ദയിലെ മലയാളി സംഗമ കേന്ദ്രമായ ഷറഫിയ്യയിലും പഴയതും അനധികൃതമായി നിർമ്മിച്ചതുമായ കെട്ടിടങ്ങൾ അധികൃതർ പൊളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് കാരണം മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ നടത്തുന്ന വ്യാപാര – വാണിജ്യ – സേവന സ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്.

ഷറഫിയ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ അധികവും മലയാളി മാനേജമെന്റ് നടത്തുന്നവയാണ്. ബൂഫിയ, റെസ്റ്റോറന്റ്, സൂപ്പർമാർക്കറ്റ്,തുണിക്കടകൾ, ക്ലിനിക്കുകൾ, ആയുർവേദ – അലോപ്പതി മരുന്ന് കടകൾ, കാർഗോ കൊറിയർ സ്ഥാപനങ്ങൾ, വിവിധ സർവീസ് സെന്ററുകൾ തുടങ്ങിയവയിൽ ബഹു ഭൂരിഭാഗവും നടത്തുന്നത് മലയാളികളാണ്. ഇതിനാൽ തന്നെ മലയാളികളുടെ നാടൻ ഭക്ഷണം, കേരളത്തിൽ നിന്ന് വരുന്ന പച്ചക്കറി – ഇലക്കറികൾ, ആയുർവേദ മരുന്നുകൾ തുടങ്ങിയവയെല്ലാം ഷറഫിയ്യയിൽ ലഭ്യമാണ്. മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളായ കഞ്ഞി, സദ്യ, ദോശ, ഇഡ്ഡലി, പുട്ട്, കപ്പ എന്നിവക്ക് പുറമെ നെയ്യപ്പം, ഉണ്ണിയപ്പം, കലത്തപ്പം തുടങ്ങിയ വിവിധ പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. അറബി, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പം മലയാളത്തിലുള്ള ബോർഡുകളും ഷറഫിയ്യയിൽ കാണാം. ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികൾ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഷറഫിയ്യായെയാണ്. ഇതെല്ലാം കൊണ്ട് തന്നെ ഷറഫിയ്യ ജിദ്ദക്കകത്തുള്ള ഒരു ‘മിനി കേരളം’ തന്നെയാണ്.

കേരളത്തിലെ മിക്കവാറും എല്ലാ മത – രാഷ്ട്രീയ സംഘടനകൾക്കും പ്രവാസി ഘടകങ്ങൾ ഉണ്ട്. ഇതിന് പുറമെ മഹല്ല് കമ്മിറ്റികൾ, പ്രാദേശിക പ്രവാസി കൂട്ടായ്മകൾ, ക്ലബ് – സാംസ്കാരിക കൂട്ടായ്മകളും ഇവിടെ ഉണ്ട്. ഇവയുടെയൊക്കെ യോഗങ്ങളും പൊതു പരിപാടികളും നടക്കുന്നത് ഷറഫിയ്യയിലാണ്. വിപുലമായ രൂപത്തിൽ മത – രാഷ്ട്രീയ – കലാ – സാംസ്കാരിക പൊതു പരിപാടികൾ നടക്കുന്ന ഇമ്പാല ഗാർഡൻ പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന സ്ഥലമാണ്.

വിശേഷങ്ങൾ പങ്ക് വെക്കാനും സൗഹൃദം പുതുക്കാനും നാടൻ ഭക്ഷണം കഴിക്കാനും വേണ്ടി എല്ലാ ആഴ്ചകളിലും ഷറഫിയ്യ സന്ദർശിക്കുന്ന നിരവധി മലയാളി പ്രവാസികൾ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ഉണ്ട്. വരാന്ത്യങ്ങളിൽ ഷറഫിയ്യയിൽ വന്ന് നിൽക്കുക എന്നത് ജിദ്ദയിലെ പ്രവാസികളുടെ ഒരു ശീലമാണ്. ഇങ്ങനെ വന്നു നിൽക്കാൻ ഓരോ നാട്ടുകാർക്കും ഇവിടെ പ്രത്യേക സ്ഥലങ്ങൾ തന്നെയുണ്ട്. മുമ്പ് വാരാന്ത്യങ്ങളിൽ ജന നിബിഢമായിരുന്ന ഷറഫിയ്യയിൽ ഇപ്പോൾ പല കാരണങ്ങളാൽ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല.

നിലവിലെ ജിദ്ദ പട്ടണത്തിന്റെ മുഖച്ചായ മാറുന്ന വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി മുകളിൽ സൂചിപ്പിക്കപ്പെട്ട മലയാളി അടയാളങ്ങൾ എല്ലാം ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആധുനിക രൂപത്തിലുള്ള കെട്ടിടങ്ങളും മാളുകളുമാണ് ഉയരുന്നത്. വൻ കിട കമ്പനികളുടെ സൂപ്പർ- ഹൈപ്പർ മാർക്കറ്റുകളും ശറഫിയ്യയിലും വരാൻ സാധ്യതയുണ്ട്. അതോടൊപ്പം മലയാളികളുടെ പാരമ്പരാഗത കച്ചവട സ്ഥാപനങ്ങൾ അധികവും പൂട്ടാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഷറഫിയ്യയിൽ മലയാളികൾക്കുള്ള ആധിപത്യം നഷ്ടപ്പെടുകയും ചെയ്യും.

പണ്ട് ബാബ് മക്കയായിരുന്നു മലയാളികളുടെ സംഗമ കേന്ദ്രം. പിന്നീട് അത് ഷറഫിയ്യ ആയി മാറി. ഷറഫിയ്യയിൽ വമ്പിച്ച മാറ്റങ്ങൾ വരുന്നതോടെ പ്രവാസി മലയാളികളുടെ സംഗമ കേന്ദ്രം ഷറഫിയ്യയിൽ തന്നെ തുടരുമോ എന്ന കാര്യം കാത്തിരുന്നു കാണണം.




