കരിപ്പൂർ: സഊദിയിലേക്ക് യാത്ര തിരിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്ന് സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ് വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ്റെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസത്തിൽ കൂടുതൽ പിന്നിട്ടവർക്ക് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് ഉണ്ടായിരിക്കണമെന്നാണ് സഊദിയ അറിയിച്ചിരിക്കുന്നത്. സഊദിയയുടെ ഏറ്റവും പുതിയത് ട്രാവൽ അപ്ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഇതേ അറിയിപ്പുകൾ സഊദിയിലേക്കുള്ള മറ്റു വിമാനകമ്പനികളും സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ട് മാസം കഴിഞ്ഞവർക്ക് ഫെബ്രുവരി മുതൽ സഊദിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിമാന കമ്പനികൾ പുതിയ തീരുമാനം കൈകൊണ്ടിട്ടുള്ളത്. മാത്രമല്ല, അടുത്തിടെ സഊദിയിൽ നിന്ന് പോകുന്ന സഊദി പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിരുന്നു. ഇതേ നിബന്ധന സഊദിയിലേക്ക് വരുന്നവർക്കും ഉടൻ തന്നെ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നുണ്ട്.

രണ്ടാം ഡോസ് വാക്സിൻ എടുത്ത് എട്ട് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടില്ലെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ ബാക്കി പത്രമായാണ് നാട്ടിൽ നിന്ന് വരുന്നവർക്ക് ഇപ്പോൾ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമായി പരിശോധിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സഊദിയിലേക്കുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കിയാണ് പുതിയ കുരുക്ക്. ബൂസ്റ്റർ ഡോസ് സഊദിയിൽ നിർബന്ധമാക്കിയതോടെ, എട്ട് മാസമെന്ന കാലാവധി കഴിഞ്ഞവരിൽ ഇത് ലഭിക്കാത്തവർക്ക് ഇതിനകം തന്നെ യാത്ര ചെയ്യുന്നതിൽ തടസം നേരിട്ടതായാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ വിമാന കമ്പനികൾ ഇക്കാര്യങ്ങൾ പരിശോധന തുടങ്ങിയതായാണ് വിവരം. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഏട്ട് മാസം പിന്നിട്ടവർക്ക് അവരുടെ സ്റ്റാറ്റസ് ഇമ്യൂൺ അല്ലാത്തതിനാൽ ബോർഡിങ് നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് വിമാന കമ്പനികൾ. ഇത്തരക്കാർക്ക് ഹോട്ടൽ ക്വാറന്റൈൻ വേണ്ടി വരുമെന്ന സ്ഥിതി വിശേഷം ആണ് നിലവിൽ.
ഇതോടെ, സഊദി പ്രവാസികൾക്ക് മടക്ക യാത്രയിൽ പുതിയൊരു പ്രതിസന്ധി കൂടി ഉടലെടുത്തിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയവർക്ക് എട്ട് മാസം പിന്നിട്ടാൽ മടക്ക യാത്ര തടസപ്പെടുന്ന സ്ഥിതിയാണുള്ളത്. കൂടാതെ, നാട്ടിൽ നിന്നും രണ്ടാം ഡോസ് എടുത്ത് മടങ്ങുന്നവർക്കും എട്ട് മാസം കഴിഞ്ഞാൽ ഇതേ തടസം നിലനിൽക്കുന്നുണ്ട്. ഇവർക്ക് ഇതിനെ മറികടക്കാൻ നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിച്ച ശേഷം സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷ നൽകി അപ്രൂവൽ വാങ്ങിയിരിക്കണം.
എന്നാൽ, നിലവിൽ നാട്ടിൽ ഒമ്പത് മാസം കഴിഞ്ഞവർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് നൽകുന്നുള്ളൂ. ഇത് പ്രതിസന്ധി രൂക്ഷമാക്കും. ഇതിനകം തന്നെ വിവിധ വിമാന കമ്പനികൾ ഇക്കാര്യം ആവശ്യപ്പെട്ടതിനാൽ എയർപോർട്ടുകളിൽ യാത്ര തടസം നേരിട്ടതായി ട്രാവൽസ് വൃത്തങ്ങൾ വ്യക്തമാക്കി. സഊദിയിലേക്കുള്ള പുതിയ ട്രാവൽ അപ്ഡേറ്റ് അറിയാൻ സഊദിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇




