റിയാദ്: സഊദിയിൽ പ്രവേശന, പുറപ്പെടൽ നടപടികൾ പരിഷ്‌കരിച്ചതിന്റെ ഭാഗമായുള്ള പുതിയ നടപടികൾ ഫെബ്രുവരി 9, ബുധനാഴ്ച പുലർച്ചെ 1 മണി മുതൽ പ്രാബല്യത്തിൽ വരും. സഊദി ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പുതിയ നടപടികൾ പ്രഖ്യാപിച്ചത്. പ്രവേശന നടപടികൾ കർശനമാക്കിയതോടൊപ്പം, സഊദിയിൽ നിന്ന് പുറത്തേക്ക് പോകുന്നത്തിൽ സ്വദേശികൾക്കും ചില നിബന്ധകൾ കൊണ്ടുവന്നിട്ടുണ്ട്. സഊദി സിവിൽ ഏവിയേഷൻ അതോറിറ്റിയും പുതിയ നടപടികൾ അപ്‌ഡേറ്റ് ചെയ്‌തു വിമാന കമ്പനികൾക്ക് സർക്കുലർ നൽകിയിട്ടുണ്ട്.
പുതിയ നടപടികളുടെ ഭാഗമായി ഫെബ്രുവരി ഒമ്പത് ബുധനാഴ്ച്ച പുലർച്ചെ ഒരു മണി മുതൽ സഊദിയിൽ എത്തുന്ന പ്രവാസികൾ യാത്ര പുറപ്പെടുന്നതിന്റേ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഫലമായിരിക്കണം കൈവശം വെക്കേണ്ടത്. എന്നാൽ എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പി.സി.ആർ പരിശോധന നിർബന്ധമില്ല. ഇത് വരെ സഊദിയിലേക്ക് വന്നിരുന്ന പ്രവാസികൾ യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമായിരുന്നു വിമാനത്താവളങ്ങളിൽ ബോർഡിങ് സമയത്ത് ഹാജരാക്കിയിരുന്നത്. പ്രവാസികളെ സംബന്ധിച്ച് ഇതാണ് പുതിയ അപ്‌ഡേറ്റിലെ പ്രധാന കാര്യം. ഇതോടൊപ്പം, നേരത്തെ ഉണ്ടായിരുന്ന ക്വാറന്റൈൻ ഉപാധികളും പാലിക്കണം. സഊദിയിൽ നിന്ന് ഒരു ഡോസ് എടുത്തവർ മൂന്ന് ദിവസവും അല്ലാത്തവർ അഞ്ച് ദിവസവും ക്വാറന്റൈനിൽ കഴിയണം. ഹോട്ടൽ ക്വാറന്റൈൻ വൗച്ചർ ബോർഡിങ് സമയത്ത് കാണിച്ച് ബോധ്യപ്പെടുത്തണം. സഊദിയിൽ വെച്ച് ഏതെങ്കിലും രണ്ട് ഡോസ് എടുത്തവർക്ക് ക്വാറന്റൈൻ ഇല്ലാതെ നേരിട്ട് സ്വന്തം റൂമുകളിലേക്ക് പോകാം.
ഇന്നലെ വന്ന അപ്ഡേറ്റിൽ സഊദി പൗരന്മാർ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുകയും ചെയ്‌തിട്ടുണ്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 3 മാസം ചെലവഴിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നിബന്ധന ആവശ്യമുള്ളത്. എന്നാൽ, 16 വയസ്സിന് താഴെയുള്ളവർ, തവക്കൽനയിൽ വാക്‌സിൻ സ്വീകരിക്കുന്നതിൽ ഒഴിവുള്ള വിഭാഗങ്ങൾ എന്നിവർക്ക് ഇളവുകളുണ്ടാകും.
അതേസമയം, സഊദിയിൽ നിന്ന് ഇന്ത്യയിലേക്കോ മറ്റു വിദേശ രാജ്യങ്ങളിലേക്കോ പോകുന്ന പ്രവാസികൾ ആ രാജ്യങ്ങളിലെ യാത്രാ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്. സഊദിയിൽ നിന്ന് കേരളത്തിലേക്ക് പോകുന്നവർ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റേയും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റേയും കോപ്പി എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴു ദിവസത്തിൽ കൂടുതൽ കേരളത്തിൽ തങ്ങുന്നവർ ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നുമാണ് പുതിയ ചട്ടം.
അതേസമയം, സഊദികൾക്ക് യാത്രാ നടപടിയുടെ ഭാഗമായി ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയത് ഒരു സൂചനയാണെന്ന് വിലയിരുത്താനാകും. ഭാവിയിൽ രാജ്യത്തെത്തുന്ന, അല്ലെങ്കിൽ രാജ്യത്ത് നിന്ന് പുറപ്പെടുന്ന വിദേശികൾക്കും സമാനമായ ബൂസ്റ്റർ ഡോസ് മാനദണ്ഡം നടപ്പാക്കിയേക്കും. അതിനാൽ പ്രവാസികൾ ബൂസ്റ്റർ ഡോസ് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും ഉചിതം.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇