തിരുവനന്തപുരം: വിദേശത്തു നിന്ന് എത്തുന്നവരുടെ ക്വാറന്റെയിൻ ഒഴിവാക്കി സംസ്ഥാന സർക്കാർ തീരുമാനം. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും അന്താരാഷ്ട്ര യാത്രികർക്കും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ക്വാറന്റെയിൻ മതിയെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രവാസികൾ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന ഈ തീരുമാനം കൈകൊണ്ടത്.
രോഗലക്ഷണമുള്ളവർ ഉള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചത്.
എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ.
ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കൂ. തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി.ഇതോടെ കൊല്ലം ജില്ല മാത്രമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ബാധകമായ സി കാറ്റഗറിയില്‍ ഉള്‍പ്പെടുക. എ കാറ്റഗറിയില്‍ മലപ്പുറം കോഴിക്കോട് ജില്ലകളും,കാസര്‍ക്കോട് ഒഴികെയുള്ള മറ്റു ജില്ലകള്‍ ബി കാറ്റഗറിയിലുമാണ് ഉള്‍പ്പെടുന്നത്.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇