ദമാം: സഊദി-ബഹ്‌റൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലെ പുറപ്പെടൽ, പ്രവേശന നടപടികൾ പരിഷ്‌കരിക്കുന്നതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 9, ബുധനാഴ്ച പുലർച്ചെ 1 മണിക്ക് സഊദിയിൽ പ്രാബല്യത്തിൽ വരുന്ന പുതിയ നടപടികളുടെ ഭാഗമായാണ് കോസ്‌വേ അതോറിറ്റിയുടെ നടപടി.
സഊദി പൗരന്മാർക്ക് കോസ്‌വേ വഴി പുറത്ത് കടക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമായിരിക്കും. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 3 മാസം ചെലവഴിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നിബന്ധന ആവശ്യമുള്ളതെന്നു അതോറിറ്റി വിശദീകരിച്ചു. എന്നാൽ, 16 വയസ്സിന് താഴെയുള്ളവർ, തവക്കൽനയിൽ വാക്‌സിൻ സ്വീകരിക്കുന്നതിൽ ഒഴിവുള്ള വിഭാഗങ്ങൾ എന്നിവർക്ക് ഇളവുകളുണ്ടാകും.
സഊദിയിലേക്ക് പ്രവേശിക്കുന്ന പൗരന്മാർ ഉൾപ്പെടെ രാജ്യത്തേക്ക് വരുന്ന എല്ലാവരും അവരുടെ വാക്‌സിൻ കുത്തിവെപ്പ് നില പരിഗണിക്കാതെ അംഗീകൃത പിസിആർ, റാപ്പിഡ് ആന്റിജൻ നെഗറ്റീവ് ഫലമോ കൈവശമുണ്ടായിരിക്കണം. ഇത് തന്നെ 48 മണിക്കൂറിനുള്ളിലെ ഫലമാണ് സമർപ്പിക്കേണ്ടത്. എന്നാൽ, 8 വയസ്സിന് താഴെയുള്ളവർക്ക് ഇത് നിർബന്ധമില്ല.
അതേസമയം, പരിശോധനകളുടെ ഫലമായി, കൊറോണ വൈറസ് ബാധിച്ചതായി തെളിയുന്ന, സഊദി അംഗീകൃത വാക്‌സിൻ സ്വീകരിച്ച പൗരന്മാർക്ക്, സാമ്പിൾ സ്വീകരിച്ച് പോസിറ്റീവ് റിസൾട്ട് ലഭ്യമായ തീയതി മുതൽ 7 ദിവസം കഴിഞ്ഞ് രാജ്യത്തേക്ക് വരാനോ പ്രവേശിക്കാനോ അനുവാദമുണ്ടാകും. രാജ്യത്ത് അംഗീകൃത വാക്സിൻ ഡോസുകൾ സ്വീകരിക്കാത്തവർക്ക് പോസിറ്റീവ് സാമ്പിൾ എടുത്ത തീയതി മുതൽ 10 ദിവസത്തിന് ശേഷവും പുതിയ പരിശോധന ഫലം ലഭിക്കാതെ തന്നെ പ്രവേശനം അനുവദിക്കും.





