അബുദബിയിലെ ഹൂതി ഡ്രോണ്‍ ആക്രമണം: മരിച്ചവരില്‍ മലയാളിയും

0
3114

ദുബൈ: യു.എ. ഇ തലസ്ഥാനമായ അബുദബിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും ഉണ്ടെന്ന് റിപ്പോർട്ടുകൾ. രണ്ട് ഇന്ത്യക്കാർ അടക്കം മൂന്നു പേരാണ് ആക്രമണത്തില്‍ മരിച്ചത്. ആറു പേര്‍ക്ക് പരുക്കേറ്റിരുന്നു. പാകിസ്ഥാൻ പൗരനാണ് മറ്റൊരു വിദേശി. മരിച്ചവരുടെ പൂര്‍ണ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.

എണ്ണ കമ്പനിയായ അഡ്നോകിന്റെ സംഭരണശാലകള്‍ക്ക് സമീപമുള്ള വ്യാവസായിക മേഖലയിലെ മൂന്ന് ഇന്ധന ടാങ്കറുകളാണ് ആക്രമണത്തില്‍ പൊട്ടിത്തെറിച്ചത്. പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മാണ സ്ഥലത്തും തീപിടുത്തമുണ്ടായി. സംഭവത്തിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍ രംഗത്തു വന്നിരുന്നു.

മലയാളി ഉള്‍പ്പടെ 3 പേര്‍ മരിച്ച സ്ഫോടനം നടന്നത് പെട്രോളിയം കമ്പനിയായ അഡ്നോക്കിന്റെ മുസഫ ഐകാഡ് സിറ്റി മൂന്നിലെ സംഭരണശാലയ്ക്കു സമീപമാണ്. കഴിഞ്ഞ ദിവസം രാവിലെ യു.എ.ഇ സമയം 9.50 ഓടെയാണ് സ്ഫോടനം നടന്നത്. 3 ടാങ്കറുകളിലാണ് സ്ഫോടനമുണ്ടായത്. ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളും നിറച്ചശേഷമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള വാഹനങ്ങളും നിര്‍ത്തിയിട്ട ഭാഗത്താണ് സ്ഫോടനം ഉണ്ടായത്.

യു.എ.ഇക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാന്‍ അനുകൂല ഹൂതികളാണ് അറിയിച്ചത്. യു.എ.ഇയില്‍ ആഴത്തില്‍ ഒരു സൈനിക ഓപറേഷന്‍ ആരംഭിച്ചതായും വരും മണിക്കൂറുകളില്‍ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നുമാണ് ഹൂതി വക്താവ് പറഞ്ഞത്.

അബുദാബിയിൽ ഹൂതി ആക്രമണം, ടാങ്കർ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു