ഒന്നര മീറ്റർ അകലം പാലിക്കണം, തീയേറ്ററുകളുടെ ശേഷി 50 ശതമാനം മാത്രം, റെസ്റ്റോറന്റുകളിലും നിയന്ത്രണങ്ങൾ; സഊദിയിൽ വ്യാഴാഴ്ച രാവിലെ മുതൽ നിലവിൽ വരുന്ന കൊവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ

0
5729

റിയാദ്: സഊദിയിൽ വ്യാഴാഴ്ച രാവിലെ മുതൽ ആഭ്യന്തര മന്ത്രാലയം കൊവിഡ് മുൻകരുതൽ നടപടികൾ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചതോടെ, കൊവിഡ് നിയന്ത്രണങ്ങൾ വ്യക്തമാക്കി വിവിധ വകുപ്പുകൾ വിശദീകരണങ്ങൾ പുറത്തിറക്കി. വ്യാഴാഴ്ച രാവിലെ മുതൽ അടച്ചിട്ടതും തുറന്നതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയതോടൊപ്പം ഒന്നര മീറ്റർ അകലം പാലിക്കുന്ന നടപടികളും പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുൾ റഹ്മാൻ അൽ ഹുസൈൻ വിശദീകരിച്ചു.

രാജ്യത്തെ എല്ലാ മാളുകളും വാണിജ്യ കേന്ദ്രങ്ങളും വാണിജ്യ സ്ഥാപനങ്ങളും റെസ്റ്റോറന്റുകളിലെയും കഫേകളിലെയും ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിക്കുന്നതടക്കമുള്ള നിയന്ത്രണനടപടികളിൽ ഉൾപ്പെടുമെന്ന് വക്താവ് വ്യക്തമാക്കി. എന്നാൽ, പ്രത്യേകം ക്രമീകരിച്ച നിശ്ചിത സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്ക് ധരിക്കേണ്ടതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാശാലകളിലും മുൻകരുതൽ നടപടികൾ പുനഃസ്ഥാപിക്കുമെന്ന് ഓഡിയോവിഷ്വൽ മീഡിയ ജനറൽ അതോറിറ്റി അറിയിച്ചു. സിനിമ ഹാളിന്റെ ശേഷി അമ്പത് ശതമാനമാക്കി കുറയ്ക്കും. കൂട്ടം ചേരുന്നതിനു അഞ്ച് പേർ മാത്രമെന്ന പരമാവധി പരിധി ബാധകമാക്കൽ, ഓരോ രണ്ട് സീറ്റുകൾക്കിടയിലും ഒരു സീറ്റ് ഒഴിച്ചിടുക എന്നിവയാണ് സിനിമാശാലകളിൽ നടപ്പിൽ വരുത്തുന്ന കൊവിഡ് സുരക്ഷ നടപടികളെന്ന് അതോറിറ്റി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ, നേരത്തെ ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും സിനിമാ ഓപ്പറേറ്റർമാരോട് അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

വൈറസ് പടരുന്നതിനുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിന് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും വീണ്ടും നിർബന്ധിതരാകുന്നത് അനിവാര്യമാണെന്ന് എന്റർടൈൻമെന്റ് അതോറിറ്റി മേധാവി കൗൺസിലർ തുർക്കി അൽ-ഷൈഖ് പറഞ്ഞു.

ഈ ഘട്ടത്തെ മറികടക്കാൻ കമ്മ്യൂണിറ്റി അവബോധത്തെ ആശ്രയിക്കേണ്ടത് അത്യാവശ്യമാണെന്നും ബൂസ്റ്റർ ഡോസ് വേഗത്തിൽ നേടേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

സഊദിയിൽ മാസ്ക്, സാമൂഹിക അകലം വീണ്ടും നിർബന്ധമാക്കി

ഇരു ഹറമുകളിലും തീർത്ഥാടകർക്കിടയിൽ സാമൂഹിക അകലം നിർബന്ധമാക്കി, നാളെ മുതൽ നിയന്ത്രണങ്ങൾ വീണ്ടും