ദുബൈ: യു.എ.ഇയിലെ ഫുജൈറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ പ്രവാസി മലയാളിക്ക് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം ലഭിക്കും. കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ റഹ്മാന് (37) ഒരു കോടിയിലേറെ രൂപ (5,06,514 ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധിച്ചു.
ഒരു വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് അബ്ദുല്‍ റഹ്മാന് അനുകൂലമായ വിധി ലഭിച്ചത്. 2019 ഓഗസ്റ്റ് 22 ന് ഫുജൈറയിലെ മസാഫിയില്‍ അബ്ദു റഹ്മാന്റെ നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
ഇടിച്ച വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ട്രാഫിക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 3,000 ദിര്‍ഹം പിഴ വിധിച്ചു വിട്ടയക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ നിയമ പോരാട്ടത്തിലാണ് അബ്ദുല്‍ റഹ്മാന് വന്‍തുക നഷ്ടപരിഹാരം ലഭിച്ചത്.




