ഇഖാമ, സന്ദർശക വിസക്കാർക്ക് മൂന്ന് ഡോസ് വിവരങ്ങൾ നൽകിയാൽ മാത്രമേ അപ്ഡേറ്റ് ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നുള്ളൂ
റിയാദ്: തവക്കൽന അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം നാട്ടിൽ നിന്ന് മൂന്ന് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാക്കി ചുരുക്കി. ഇത് വരെ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ലിങ്ക് വഴി രേഖകൾ സമർപ്പിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും ഇനി മുതൽ മൂന്ന് ഡോസ് എടുത്തവർ അഥവാ ബൂസ്റ്റർ ഡോസ് കൂടി എടുത്തവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇന്ന് മുതൽ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത സഊദി പ്രവാസികൾക്ക് അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ലഭ്യമാകുന്നില്ല. വാക്സിൻ ഡോസുകൾ ഒഴിവാക്കാൻ സാധ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
ഇഖാമക്കാർക്ക് ഉള്ളത് പോലെ തന്നെ സഊദിയുളേക്കുള്ള സന്ദർശക വിസക്കാർക്കും മൂന്ന് ഡോസ് നിർബന്ധമാണ്. എങ്കിൽ മാത്രമേ തവകൽന അപ്ഡേറ്റ് ചെയ്യാനായി ആരോഗ്യ മന്ത്രാലയ വെബ്സൈറ്റ് വഴി സാധിക്കുന്നുള്ളൂ. ഇത് വരെ ഇഖാമ ഉള്ള സഊദി പ്രവാസികൾക്ക് രണ്ട് ഡോസ് എടുത്താൽ തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമായിരുന്നു. അതാണിപ്പോൾ ഒഴിവാക്കിയത്. ഇപ്പോൾ മൂന്ന് ഡോസ് വിവരങ്ങളും നൽകാനാണ് ആവശ്യപ്പെടുന്നത്.

സഊദിയിൽ മൂന്ന് ഡോസ് നിർബന്ധമാക്കിയതാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ കാരണമെന്നാണ് അറിയുന്നത്. ഫെബ്രുവരി മുതൽ രണ്ടാം ഡോസ് എടുത്തു നിശ്ചിത സമയം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാതെ പൊതു സ്ഥലങ്ങളിലും ഓഫീസുകളിലും ജോലിക്കും പ്രവേശനം സാധ്യമല്ല. ഒമിക്രോൺ പശ്ചാത്തലത്തിലാണ് മൂന്നാം ഡോസ് അഥവാ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയത്.

സഊദിയിൽ എത്തുന്ന സന്ദർശക വിസക്കാർക്കും അവരുടെ വാക്സിൻ സ്റ്റാറ്റസ് തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി പുതിയ സംവിധാനം നിലവിൽ വന്നത് മലയാളം പ്രസ്സ് ആയിരുന്നു ആദ്യമായി റിപ്പോർട്ട് ചെയ്തത്. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽന അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്കിലാണ് സഊദി സന്ദർശക വിസക്കാർക്കും തങ്ങളുടെ വാക്സിൻ വിവരങ്ങൾ തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ, സഊദിയിലെത്തുന്ന കുടുംബ സന്ദർശക വിസക്കാർക്കും ഇഖാമയുള്ളവരുടേത് പോലെ തന്നെ തവക്കൽനയിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ആരോഗ്യ സ്റ്റാറ്റസ് ഉപയോഗിക്കാനുമാകും.
സന്ദർശക വിസക്കാർക്ക് തവക്കൽന അപ്ഡേറ്റ് ചെയ്യാനായി അബ്ഷിർ രജിസ്ട്രേഷൻ നിർബന്ധമാണ്. എങ്കിൽ മാത്രമേ ആരോഗ്യ മന്ത്രാലയ ലിങ്കിൽ വാക്സിൻ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ. സഊദിയിലെത്തിയ സന്ദർശക വിസക്കാർക്ക് തങ്ങളുടെ ബോർഡർ നമ്പറും പാസ്പോർട്ട് നമ്പറും ഉപയോഗിച്ച് അബ്ഷിർ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്തവർക്ക് മാത്രമേ ആരോഗ്യ മന്ത്രാലയ ലിങ്കിൽ കയറി വാക്സിൻ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ.
ആരോഗ്യമന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്കിൽ കയറി വിസിറ്റർ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുണ്ട്. നേരത്തെ ഇഖാമ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിസിറ്റർ തിരഞ്ഞെടുക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ഓൺലൈൻ സംവിധാനമായ iam.gov.sa എന്ന സൈറ്റിലേക്ക് ലിങ്ക് ആകുകയാണ് ചെയ്യുന്നത്. ഇവിടെ അബ്ഷിർ യൂസർ നെയിം, പാസ്‌വേർഡ് നൽകി പ്രവേശിക്കണം. തുടർന്നാണ് വാക്സിൻ വിവരങ്ങൾ നൽകേണ്ടത്.
പുതിയ സംവിധാനത്തിൽ ഓരോ ഡോസ് വാക്സിൻ വിവരങ്ങളും നൽകാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത വാക്സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് ആ വിവരങ്ങൾ നൽകുവാനാകും. ഇന്ത്യയുടെ കൊവാക്സിൻ അടക്കം അടുത്തിടെ സഊദി ഭാഗികമായി അംഗീകരിച്ച വാക്സിനുകളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
സഊദിക്ക് പുറത്ത് നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ‘തവക്കൽന”യിൽ അപ്‌ഡേറ്റ് ചെയ്യാം, ഘട്ടങ്ങൾ അറിയാം




