റിയാദ്: സഊദിയിലേക്ക് ഇന്ത്യക്കാർക്ക് നിബന്ധനകളോടെ നേരിട്ട് അനുമതി നൽകിയതിന് പിന്നാലെ മലയാളികളെയും വഹിച്ചുള്ള വിമാനങ്ങൾ ഇറങ്ങി തുടങ്ങി. ക്വാറന്റൈൻ പാക്കേജുമായാണ് സഊദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ എത്തിയത്. കൊച്ചിയിൽ നിന്നുള്ള വിമാനമാണ് ആദ്യമിറങ്ങിയത്. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നേരത്തെ തന്നെ നേരിട്ട് വരാൻ അനുമതി ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവർക്കും അനുമതി നൽകിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ സാധാരണ നിലയിൽ ആകാത്തതിനാലും സഊദിയുമായി എയർ ബബ്ൾ കരാർ ഇല്ലാത്തതിനാലും ചാർട്ടഡ് വിമാനങ്ങൾ മാത്രമാണ് ആശ്രയം.
സഊദിക്ക് പുറത്ത് നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ, സഊദിയിൽ നിന്ന് ഒരു ഡോസ് എടുത്തവരാണെങ്കിൽ ഇത് മൂന്ന് ദിവസം മതിയാകും. ഇത്തരത്തിൽ പാക്കേജുകൾ എടുത്തവരാണ് വിമാനത്തിൽ ഇറങ്ങിയത്. അതേസമയം, വാക്‌സിനെടുക്കാത്തവർക്ക് വിമാനക്കമ്പനികൾ നിലവിൽ പാക്കേജുകൾ നൽകുന്നില്ല. തൊട്ടടുത്ത ദിവസങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള ക്വാറന്റൈൻ പാക്കേജുകളുടെ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഉയരുന്നതാണ് കാണുന്നത്. ഇത് പ്രവാസികൾക്ക് നിരാശ ഉണ്ടാക്കുന്നുണ്ട്.
രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ക്വാറന്റൈന് ചാർജില്ല. രണ്ട് വയസ് പിന്നിട്ടവർ മുതൽ 12 വയസ്സുവരെയുള്ളവർക്ക് അഞ്ച് ദിവസത്തെ കുറഞ്ഞ ക്വാറന്റൈൻ നിരക്ക് തിരഞ്ഞെടുത്താൽ പോലും സഊദിയയുടെ പാക്കേജ് പ്രകാരം 31,000 ത്തോളം ഇന്ത്യൻ രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിനായി ചിലവ് വരും. ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകളിലാണ് സഊദി എയർലൈൻസ് ക്വാറൻ്റീൻ പാക്കേജുകൾ നൽകുന്നത്. ഇതിൽ രണ്ട് കൊവിഡ് ടെസ്റ്റും 3 നേരം ഭക്ഷണവും എയർപോർട്ടിൽ നിന്നു ഹോട്ടലിലേക്കുള്ള യാത്രയും 4 രാത്രി താമസവുമടങ്ങുന്ന പാക്കേജുകളാണ് നൽകുന്നത്.
ഇതിന് പുറമെ ടിക്കറ്റ് നിരക്കും കാണണം. എന്നാൽ ടിക്കറ്റ് നിരക്കാണ് പ്രവാസികളെ ആശങ്കയിലാക്കുന്നതാണ്. സഊദിയിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയും വർധിച്ചിട്ടുണ്ട്. ഇതേ തുടർന്ന് തൊട്ടടുത്ത ദിവസങ്ങളിലേക്ക് ടിക്കറ്റ് കിട്ടാത്ത സാഹചര്യവും ഉയർന്ന നിരക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദുബൈ വഴി 14 ദിവസം തങ്ങി വരുന്നവർക്ക് സൗഊദിയിൽ ക്വാറന്റൈൻ വേണ്ട എന്നതിനാൽ ഇതുവഴിയും പ്രവാസികൾ ഇപ്പോഴും മടങ്ങുന്നുണ്ട്.
സഊദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് അറിയാം; 1,551 റിയാൽ മുതൽ 6,401 റിയാൽ വരെ ഫീസ്
സഊദിയിലേക്ക് നാളെ മുതൽ എല്ലാവർക്കും പ്രവേശനം, ക്വാറന്റൈൻ പാക്കേജിൽ വ്യക്തത വരുത്താനാകാതെ വിമാന കമ്പനികൾ




