റിയാദ്: സഊദിയിൽ അഴിമതി വിരുദ്ധ സമിതി (നസാഹ) യുടെ മേൽനോട്ടത്തിൽ വീണ്ടും വൻ അഴിമതി വേട്ട. 16 അഴിമതിക്കേസുകളിൽ നടത്തിയ അന്വേഷണത്തിൽ പ്രമുഖർ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വൻ തുക കണ്ടെടുക്കുകയും ചെയ്തതായി സമിതി വെളിപ്പെടുത്തി.
മുസ്‌ലിം വേൾഡ് ലീഗിലെ (റാബിത്വ) മൂന്ന് സഊദി ഉദ്യോഗസ്ഥരും വൻ കിട നിർമ്മാണ കമ്പനി മാനേജർമാർ, പ്രമുഖ് ബാങ്കുകളിലെ ഉദ്യോസ്ഥർ, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മക്കയിലെ പദ്ധതിയുമായി ബന്ധപ്പെട്ടും സ്ഥലം കൈമാറ്റം സംബന്ധമായും കൈക്കൂലിക്കേസിലും സഊദിക്ക് പുറത്തേക്ക് വൻ തുകകൾ അയക്കാൻ ബാങ്കുകൾ വഴി അനധികൃത മാർഗങ്ങൾ ഉപയോഗപ്പെടുത്തിയതിനു നാല് പ്രവാസികളും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ഒരു പദ്ധതിയുടെ മൂല്യം വർധിപ്പിക്കാൻ കൈക്കൂലി വാങ്ങിയ കേസിലാണ് മുസ്‌ലിം വേൾഡ് ലീഗിലെ (എംഡബ്ല്യുഎൽ) മൂന്ന് അംഗങ്ങൾ അറസ്റ്റിലായത്. ഒരു പ്രോജക്റ്റിന്റെ മൂല്യം 27 മില്യൺ റിയാലായി (7.2 മില്യൺ ഡോളർ) വർധിപ്പിക്കുന്നതിനുള്ള അനുമതിക്ക് പകരമായി എംഡബ്ല്യുഎല്ലുമായി ബന്ധപ്പെട്ട കരാർ വാണിജ്യ സ്ഥാപനങ്ങളിലൊന്നിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറിൽ നിന്ന് മൂന്ന് അംഗങ്ങൾക്ക് 5,767,500 റിയാൽ ($1,537,623) തവണകളായി നൽകിയതായാണ് കണ്ടെത്തിയത്.
പണത്തിനു പകരം അനധികൃതമായ രീതിയിൽ വിദേശികൾക്ക് മെഡിക്കൽ സൗകര്യം ഒരുക്കിയ ഉദ്യോഗസ്ഥനും നഴ്സും, തവക്കൽനാ ഇമ്യൂൺ സ്റ്റാറ്റാസ് ആക്കിക്കൊടുക്കുമെന്ന തരത്തിൽ വ്യാജ പരസ്യം ചെയ്തവർ, പണത്തിനു പകരം പൗരൻ ആവശ്യപ്പെട്ടത് പോലെ കുടിവെള്ള പൈപ്പ് സ്ഥാപിച്ച ഉദ്യോഗസ്ഥൻ, അനധികൃത നിർമ്മാണം നീക്കം ചെയ്യാതിരിക്കാൻ കൈക്കൂലി വാങ്ങിയ ബലദിയ ഉദ്യോഗസ്ഥനും പിടിക്കപ്പെട്ടിട്ടുണ്ട് .
പൊതു ഓഫീസ് ചൂഷണം ചെയ്യുന്നവർക്കും വ്യക്തിപരമായ നേട്ടം ഉണ്ടാക്കുന്നതിനോ പൊതുതാൽപര്യത്തിന് ഹാനികരമാകുന്നതിനോ കൂട്ട് നിൽക്കുന്നവർക്കുമെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് നസാഹ മുന്നറിയിപ്പ് നൽകി.




