മനാമ: ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് എടുത്തവർക്ക് ബഹ്‌റൈനിൽ ക്വാറന്റൈൻ ഒഴിവാക്കി. ഇവർ നിബന്ധനകൾ പാലിച്ച നിലയിലുള്ള കൊവിഡ് വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റുമായി ആയിരിക്കണം ബഹ്‌റൈനിൽ ഇറങ്ങേണ്ടത്. ഇത് സംബന്ധിച്ച് എയർ ഇന്ത്യയും ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും അറിയിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ആര്‍.ടി പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ക്വാറന്റൈൻ ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യ ആര്‍ കോഡ് ഉണ്ടായിരിക്കണം.

“ബഹ്‌റൈനിലെ പുതുക്കിയ ട്രാവൽ എൻട്രി നടപടിക്രമങ്ങൾ അനുസരിച്ച്, ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിനുകളുടെ QR കോഡ് അടങ്ങിയ എല്ലാ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളും സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി സന്തോഷത്തോടെ അറിയിക്കുന്നു.
അതനുസരിച്ച്, WHO അല്ലെങ്കിൽ ബഹ്‌റൈൻ അംഗീകരിച്ച വാക്‌സിനുകൾക്കായി സ്കാൻ ചെയ്യാവുന്ന QR കോഡ് സഹിതം ഇന്ത്യയിൽ നൽകിയിട്ടുള്ള സാധുവായ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ള ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെ നിർബന്ധിത 10 ദിവസത്തെ ക്വാറന്റൈനിൽ നിന്നും യാത്രക്ക് മുന്നോടിയായുള്ള RTPCR സർട്ടിഫിക്കറ്റിൽ നിന്നും ഒഴിവാക്കും” എംബസി അറിയിപ്പിൽ വ്യക്തമാക്കി.




