സഊദിയിൽ ബൂസ്റ്റർ ഡോസ് കൂടുതൽ വിഭാഗങ്ങൾക്ക്

0
2769

റിയാദ്: രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ കൂടുതൽ വിഭാഗങ്ങൾക്ക് നൽകുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും വിട്ടുമാറാത്ത രോഗബാധിതർക്കും ഉൾപ്പെടെ കൂടുതൽ വിഭാഗങ്ങൾക്കാണ് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകുക. ഇതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ്‌ അബ്ദുൽ ആലി അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ആളുകൾക്കും വൃക്കസംബന്ധമായ തകരാറുള്ള രോഗികൾ ഉൾപ്പെടെ ഏറ്റവും അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങിയിട്ടുണ്ട്.

വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും അപകടസാധ്യതകൾ നേരിടുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർക്കും, പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് നൽകുന്ന വിപുലീകരണത്തിന് വരും ദിവസങ്ങൾ സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിലവിലെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും പകർച്ചവ്യാധിയുടെ സമയത്ത് നേടിയ സാമൂഹിക അവബോധം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈറസ് ബാധയിൽ നിന്ന് കരകയറുന്നവരും വാക്സിൻ ഒരു ഡോസ് സ്വീകരിക്കുന്നവരും ഉൾപ്പെടെ ഗർഭിണികളും രണ്ട് ഡോസ് വാക്സിൻ ലഭിക്കുന്നത് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.