അബുദാബി: യുഎഇയിൽ 2ജി നെറ്റ്വർക് പൂർണ്ണമായും നിർത്തലാക്കാൻ നീക്കം ആരംഭിച്ചു. അടുത്ത വർഷം ഡിസംബറോടെ രാജ്യത്ത് 2ജി നെറ്റ്വർക് സേവനം പൂർണമായും നിർത്തലാക്കാനാണ് തീരുമാനം. ടെലി കമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവ. റെഗുലേറ്ററി അതോറിറ്റിയാണ് ഇത് വ്യക്തമാക്കിയത്. ഇതിന്റെ മുന്നോടിയായി 2ജി നെറ്റ്വർക് മാത്രം സപ്പോർട്ട് ചെയ്യുന്ന മൊബൈൽ ഫോണുകളുടെ വിൽപന 2022 ജൂൺ മുതൽ നിർത്തും.
1994 മുതലാണ് യു.എ.ഇയിൽ 2ജി നെറ്റ്വർക് സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. നിലവിൽ രാജ്യത്താകമാനം 5ജിയും പിന്നിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഏറ്റവും പഴയ വേർഷനായ 2ജി നിർത്തലാക്കുന്നത്. ഏറ്റവും വേഗത്തിലും കൃത്യതയിലും ആശയവിനിമയം നടത്താനുള്ള സൗകര്യം എല്ലാവർക്കും പ്രാപ്യമാകാൻ 5ജി നെറ്റ്വർക് സംവിധാനമാണ് പൊതു-സ്വകാര്യ മേഖലകളിൽ പ്രോത്സാഹിപ്പിക്കുന്നത്.




