കോഴിക്കോട്: സഊദിയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് വരാനായി മാലിദ്വീപ് തിരഞ്ഞെടുത്തക്കവർക്ക് ദുരിതം ഒഴിയുന്നില്ല. 14 ദിവസത്തെ മാലിദ്വീപിലെ ക്വാറൻറീൻ ഉൾപ്പെടെ ലക്ഷങ്ങൾ മുടക്കി കേരളത്തിൽനിന്ന് മാലിയിലെത്തുന്ന പ്രവാസികളെ ഏജന്റുമാർ വഞ്ചിക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്ന് മാലിദ്വീപിലെത്തിയ നിരവധി യാത്രക്കാർ മണിക്കൂറുകളോളമാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നത്.
കൂടാതെ, തിരുവനന്തപുരം സ്വദേശികളായ യുവ ദമ്പതികൾ ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിലും തെരുവിലുമായി കഴിയേണ്ടിയും വന്നു. ഒടുവിൽ ടൂറിസ്റ്റ് പൊലീസ് എത്തി പരാതി സ്വീകരിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു. എന്നാൽ, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഫോട്ടോയും സംവിധാനങ്ങളും കാണിച്ച് മാലിയിലെ ഏജൻറുമാർ നാട്ടിലെ ഏജൻറുമാരെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടിലെ ട്രാവൽസ് ഏജൻസികൾ പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മാലിദ്വീപ് ദുരിത വാർത്ത വ്യാപകമായി പുറത്ത് വന്നതിനെ തുടർന്ന് താത്കാലികമായി നിർത്തി വെച്ച ചാർട്ടർ വിമാന സർവ്വീസുകൾ വീണ്ടും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ഒരു പ്രമുഖ ട്രാവൽസ് ഏജൻസി. നേരത്തെ നിരവധി ചാർട്ടർ വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു. എന്നാൽ, നിലവിൽ മാലിദ്വീപിൽ വേണ്ട മുഴുവൻ സജ്ജീകരണങ്ങൾ ഒരുക്കുകയും സ്വന്തമായി ഏജന്റിനെ സജ്ജീകരിക്കുകയും ചെയ്തതടക്കമുള്ള നടപടികൾക്ക് ശേഷമാണ് വീണ്ടും സർവ്വീസുകൾ നടത്തുന്നതെന്നാണ് ഇവർ പറയുന്നത്.




