റിയാദ്: മക്കയിൽ സംശയകരമായ ഇടപാടിനെ തുടർന്ന് വിദേശികൾ ഉൾപ്പെടെ മുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉറവിടം കാണിക്കാൻ കഴിയാത്ത നിലയിൽ 100 കിലോ സ്വർണവും 60 മില്യൺ റിയാലുമായി 29 വിദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണവിൽപ്പന മേഖലയിൽ അജ്ഞാതമായ സാമ്പത്തിക വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് വിദേശികൾ ഉൾപ്പെട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
അവരുടെ കൈവശമുണ്ടായിരുന്ന ഏകദേശം 60 ദശലക്ഷം റിയാലും 21 മില്യൺ റിയാൽ മൂല്യമുള്ള 101 കിലോഗ്രാം സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക ബാങ്കിൽ നിക്ഷേപിച്ച ശേഷം ഇവ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു സംഘം. അറസ്റ്റിലായവരിൽ പത്തു പേർ സഊദി പൗരന്മാരാണ്. പതിനഞ്ചു യെമനികളും ഈജിപ്ത്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഒരു കുടിയേറ്റ ഗോത്രക്കാരനുമാണ് അറസ്റ്റിലായത്. മുപ്പതു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ളവരാണ് പ്രതികൾ.
പണം വെളുപ്പിക്കല്‍, സംശയകരമായ സാമ്പത്തിക ഇടപാടുകള്‍, ഹവാല എന്നീ കേസുകള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് സ്വര്‍ണ വില്‍പന മേഖലയില്‍ നിയമ വിരുദ്ധ ഇടപാടുകള്‍ നടത്തുന്ന സംഘത്തെ കണ്ടെത്തിയത്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.




