ദുബൈ: ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്‌സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കൂടുതൽ ആശ്വാസമേകുന്ന വാർത്തകൾ പുറത്ത് വരുന്നു. വാക്സിനെടുക്കാത്തവര്‍ക്കും ദുബയിലേക്ക് യാത്ര ചെയ്യാമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി വിമാന കമ്പനികൾ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
എയർഇന്ത്യ, വിസ്താര ഉൾപെടെയുള്ള എയർലൈനുകൾ പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദുബൈ റസിഡൻറ് വിസക്കാർക്ക് മാത്രമാണ് വാക്സിനേഷനില്ലാത്ത യാത്രക്ക് അനുമതി.വാക്‌സിന്‍ എടുക്കാത്ത ദുബൈ റസിഡന്‍സ് വിസക്കാര്‍ക്കാണ് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങാനാവുക. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്നുള്ള കൊവിഡ് പരിശോധനാ ഫലം എന്നിവ നിര്‍ബന്ധമാണ്. കൂടാതെ, ജിആര്‍എഫ്എയുടെ അനുമതിയും നേടണം. എമിറേറ്റ്സ് എയർലൈനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരന്റെ സംശയത്തിന് ട്വിറ്ററിൽ നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നേരത്തെ ഇറക്കിയ സർക്കുലറിൽ യു.എ.ഇയിൽ നിന്നെടുത്ത വാക്സിൻ നിർബന്ധമാണെന്ന് പറഞ്ഞിരുന്നു. അതേസമയം, യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അബൂദബി, ഷാര്‍ജ തുടങ്ങിയ വിമാനത്താവളങ്ങളില്‍ പ്രവേശനാനുമതിയുള്ളത്.
ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് ദുബൈയിലേക്ക് മടങ്ങാമെന്നാണ് ഫ്‌ളൈ ദുബൈയും ഇൻഡിഗോ എയർലൈനും സർക്കുലറിൽ അറിയിച്ചിരിക്കുന്നത്. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണമെന്നും സർക്കുലറിൽ പറയുന്നു. നിലവിൽ ദുബൈ വിസക്കാർക്ക് മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിൽ അനുമതി നൽകുന്നുള്ളു.
ഏറെ മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ച മുതലാണ് ഇന്ത്യയടക്കം 6 രാജ്യക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി നല്‍കിയത്. അതേസമയം, സന്ദര്‍ശക വിസക്കാര്‍ക്ക് വൈകാതെ യാത്രാ അനുമതി ലഭ്യമാകുമെന്നാണ് കരുതുന്നത്.




