റിയാദ്: രാജ്യത്ത് ഇന്ന് രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖസീം പ്രവിശ്യയിലെ അൽ റസിൽ ഈജിഷ്യൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഊദി പൗരനെയും അബഹയിൽ സ്വദേശി പൗരന്മാർക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
അൽ റസിൽ നടന്ന കൊലപാതകത്തിൽ കത്തികൊണ്ടുള്ള കുത്താണ് ഈജിപ്ഷ്യൻ പൗരന്റെ മരണത്തിനു കാരണം. കത്തികൊണ്ട് മൂന്ന് തവണ കുത്തിയതായാണ് കണ്ടെത്തിയത്. പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു. അബഹയിലെ രണ്ടു സ്വദേശികൾക്കിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ കത്തി കൊണ്ടുള്ള കുത്ത് നെഞ്ചിനേറ്റതാണ് മരണ കാരണം. രണ്ടു കേസുകളിലും കുറ്റകൃത്യം തെളിവ് സഹിതം വ്യക്തമാകുകയും ക്രിമിനൽ കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്‌തതോടെയാണ് വധ ശിക്ഷ നടപ്പാക്കിയത്.