ഹജ്ജ് ഒരുക്കങ്ങൾ; ഹാജിമാരുടെ സ്മാര്ട്ട് കാർഡ് എടിഎം ആയും ഉപയോഗിക്കാം, ഹറമിലെ പ്രധാന കവാടങ്ങൾ തുറന്നു 

0
689

മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുന്ന മുഴുവൻ ഹജ് തീര്‍ഥാടകര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യുമെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം അല്‍സഈദ് പറഞ്ഞു. തീർത്ഥാടകരുടെ പൂർണ്ണ വിവരങ്ങൾ ഉൾകൊലുന്ന സ്മാർട്ട് കാർഡ് തീര്ഥാടകർക്കും പരിശോധകർക്കും സഹായികൾക്കും ഏറെ ഉപാകാരപ്പെടുന്ന നിലയിലാണ് സംവിധാനിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നാല് വര്ഷം മുമ്പ് നടപ്പിലാക്കി തുടങ്ങിയ സ്മാർട്ട് കാർഡ് ഓരോ ഘട്ടത്തിലും വിവിധ കാര്യങ്ങൾ കൂടുതലാ ഉൾപ്പെടുത്തി  വികസിപ്പിച്ചിട്ടുണ്ട്. സഊദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് സ്മാര്‍ട്ട് കാര്‍ഡ് വികസിപ്പിച്ച് സ്മാര്‍ട്ട് വാലറ്റ് ആക്കി മാറ്റാനുള്ള പദ്ധതിയും ഉണ്ടെന്ന് ഹിശാം അൽ സഈദ് പറഞ്ഞു.

ടെല്ലർ സേവനങ്ങൾക്കായി വിദേശ തീർഥാടകർക്ക് അവരുടെ ഹജ്ജ് സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാനാകും. ഇതോടെ വിദേശത്ത് നിന്ന് വരുന്ന തീർഥാടകർക്ക് അതത് രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറാൻ കാർഡ് അനുവദിക്കും. അറേബ്യയുടെ മദ നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നതിനാൽ സ്മാർട്ട് കാർഡ് തീർഥാടകരെ രാജ്യത്ത് സാധനങ്ങൾ വാങ്ങുന്നതിന് പേയ്‌മെന്റ് കാർഡായി ഉപയോഗിക്കാനും അനുവദിക്കും. ഈ വർഷത്തെ ഹജ്ജ് ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ അടുത്ത വർഷത്തെ ഹജ്ജ് വരെ വിദേശ തീർഥാടകർക്ക് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും.

ഹജിനിടെ തീര്‍ഥാടകന് ആരോഗ്യ അത്യാഹിതം നേരിടുന്ന പക്ഷം സ്മാര്‍ട്ട് കാര്‍ഡ് സ്‌കാന്‍ ചെയ്ത് തീര്‍ഥാടകന്റെ ആരോഗ്യ ചരിത്രം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നത് ജീവൻ രക്ഷാ പ്രവർത്തനത്തിൽ ഏറെ ഉപകാരപ്പെടും. ഓരോ ഹാജിയുടെയും തമ്പുകളിലേക്കുള്ള വഴികളും കണ്ടെത്താനാകും.

അതേമയം, ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലെ ഹറം പള്ളിയിലെ പ്രധാന കവാടങ്ങൾ തുറക്കാന്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് നിര്‍ദേശം നല്‍കി. ഏറ്റവും വലിയ കവാടമാണ് കിംഗ് അബ്ദുല്‍ അസീസ് ഗെയ്റ്റ് കൂടാതെ, അല്‍ഉംറ, അല്‍ഫതഹ് കവാടങ്ങളും വികസന ജോലികള്‍ക്കു വേണ്ടി താല്‍ക്കാലികമായി അടച്ച മറ്റു കവാടങ്ങളും തുറക്കാൻ നിർദേശം  നൽകിയിട്ടുണ്ട്. ഹജ് തീര്‍ഥാടകരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ് തുറന്നത്. ഇതൊപ്പം, മത്വാഫ് വികസന ഭാഗത്തെ പുതിയ തൂക്കുവിളക്ക് പദ്ധതിയും ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് ഉദ്ഘാടനം ചെയ്‌തു ആകെ 245 തൂക്കുവിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി ഉപയോഗം കുറഞ്ഞ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച തൂക്കുവിളക്കുകളാണ് മതാഫ് വികസന ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതെന്ന് ഹറംകാര്യ വകുപ്പില്‍ പദ്ധതികാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ സുല്‍ത്താന്‍ അല്‍ഖുറശി പറഞ്ഞു.