റിയാദ്: വാക്സിേനഷൻ സ്വീകരിച്ചവർക്ക് തിരികെ സഊദിയിലേക്ക് വരുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കാൻ സഊദി അധികൃതരോട് അഭ്യർഥിച്ചതായി ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഇൗദ്. സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച വിഷയത്തിൽ നടന്ന വെബ്ബിനാറിലാണ് അംബാസഡർ യാത്രാവിലക്കിൽ ഇളവനുവദിക്കാൻ അഭ്യർഥിച്ചത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യ ഗവൺമെന്റ്, സഊദി ടൂറിസം അതോറിറ്റി, ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ, സൗദി ഇന്ത്യ-ബിസിനസ് നെറ്റ്‌വർക്ക് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ എംബസിയാണ് വെബിനാർ സംഘടിപ്പിച്ചത്.
ഇന്ത്യയിൽനിന്ന് സഊദിയിലേക്കുള്ള വിമാന യാത്ര ആരംഭിക്കുന്നത് സംബന്ധിച്ച് വീണ്ടും സഊദി അധികൃതരുമായി സംസാരിച്ചതായും അംബാസിഡർ വ്യക്തമാക്കി. കൊവിഡ് സുരക്ഷ പ്രോട്ടോക്കോളുകൾ പാലിച്ച്, വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിയിൽനിന്നുള്ള യാത്രാവിലക്ക് ഘട്ടംഘട്ടമായി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢവും ഊഷ്മളവുമാണെന്ന് അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദ സഞ്ചാര മേഖലയിൽ നിരവധി സാധ്യതകൾ നിലനിൽക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. ഇന്ത്യാ ടൂറിസം ഡെവലപ്‌മെൻറ് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി. കമലവർധന റാവു, ഇന്ത്യയിലെ വിനോദസഞ്ചാരത്തിനുള്ള വഴികളെക്കുറിച്ചും പാൻഡെമിക് ബിസിനസ് അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഖാലിദ് അൽ-ഒൈത്വബി, അശോക് സേഥി, അബ്ദുല്ല സഉൗദ് അൽ-തുവൈജിരി, രവി ഗോസൈൻ തുടങ്ങിയവർ വിനോദ സഞ്ചാര മേഖലയിലെ വിവിധ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, ഇരു രാജ്യങ്ങളിലേയും വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രതിനിധികൾ തുടങ്ങി നിരവധി പേർ വെബിനാറിൽ പങ്കെടുത്തു.