പുതിയ പ്രവേശന വിലക്ക് ഇന്ത്യക്കാർക്ക് കടുത്ത തിരിച്ചടിയും ആശങ്കയും സമ്മാനിക്കുന്നത്

0
6862

റിയാദ്: സഊദി അറേബ്യയുടെ പുതിയ പ്രവേശന വിലക്ക് മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് സമ്മാനിക്കുന്നത് കടുത്ത തിരിച്ചടിയും ആശങ്കയും. നിലവിൽ നേരിട്ട് പ്രവേശന വിലക്കുള്ളതിനാൽ ഇന്ത്യക്കാർ തിരഞ്ഞെടുത്ത മാർഗങ്ങളിൽ ഒന്നാണ് ഏതോപ്യ. ഇതുൾപ്പെടെ നാല് രാജങ്ങൾക്ക് കൂടി സഊദി അറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ സഊദി യാത്ര തീർത്തും ആശങ്കാ ജനകമായി. ഇതിന് പുറമെ ഉടൻ യാത്ര സാധ്യമാകുമെന്ന് കരുതിയ യു എ ഇ യും വീണ്ടും യാത്രാ നിരോധന ലിസ്റ്റിൽ ഉൾപ്പെട്ടതും പ്രതീക്ഷകൾ അസ്ഥാനത്താക്കി.

നിലവിൽ ഇന്ത്യയിൽ നിന്ന് ഏതോപ്യ, റഷ്യ, ഉസ്ബെകിസ്ഥാൻ, അർമേനിയ തുടങ്ങി വിവിധ രാജ്യങ്ങൾ വഴിയാണ് സഊദിയിലേക്ക് പ്രവേശനം നേടിയിരുന്നത്. ഇതിനെല്ലാം പുറമെയാണ് യു എ ഇ വഴി ഉടൻ പ്രവേശം സാധ്യമാകുമെന്ന് കരുതി നിൽക്കുന്നവർ. ഇന്ത്യ യു എ ഇ സർവ്വീസ് സാധാരണ നിലയിൽ ആകുന്നത്തോടെ ഇത് സഫലമാകുമെന്നായിരുന്നു പ്രതീക്ഷ. ചിലവ് കുറക്കാൻ സാധിക്കുമെന്നതും ഏറ്റവും എളുപ്പമാകുമെന്നതുമായിരുന്നു ഈ പ്രതീക്ഷക്ക് ആധാരം. എന്നാൽ, സഊദി ആഭ്യന്തര മന്ത്രാലയ തീരുമാനം പ്രതീക്ഷകൾ അസ്ഥാനത്താക്കുന്നവയാണ്. നിലവിൽ നിരവധി പേരാണ് ഏതോപ്യൻ വിസ സ്റ്റാമ്പ് ചെയ്ത് കാത്തിരിക്കുന്നത്. ഇവർക്ക് താത്കാലിക ആശ്വാസം ആണെങ്കിലും ഇതിന്റെ പണം നഷ്ടമാകും.

മാത്രമല്ല, മറ്റു രാജ്യങ്ങളിൽ കൂടി യാത്ര തീരുമാനിച്ചവരെയും യാത്രയിലുള്ളവരെയും കൂടി ഇത് ആശങ്കയിൽ ആക്കുന്നുണ്ട്. ഏത് സമയത്തും അവിടെയുള്ള കൊവിഡ് കണക്കുകൾ അനുസരിച്ച് സഊദി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സാധ്യത മുന്നിലുള്ളതിനാലാണിത്. പലയിടങ്ങളിലും വൈറസ് വകഭേദം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയാനുള്ളത്. നിലവിൽ ഏതാനും മലയാളികൾ ഇപ്പോൾ ഏതോപ്യയിൽ ഉണ്ട്. സഊദിയിലേക്ക് വരുന്ന ഇവർ തവക്കൽന അപ്‌ഡേറ്റ് ആകും മുമ്പ് തന്നെ ക്വാറന്റൈൻ ഇല്ലാത്ത പാക്കേജ് തിരഞ്ഞെടുത്തതിനാൽ ഇവിടെ നിന്ന് സഊദിയിലേക്ക് യാത്ര പുറപ്പെടുന്നതിനു തൊട്ട് മുമ്പ് യാത്ര മുടങ്ങിയവരും ഇവരിൽ ഉണ്ട്. ഇവർക്കെല്ലാം ഇനി നാളെ രാത്രിയോടെ സഊദിയിലേക്ക് എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ മറ്റു വഴികൾ തേടേണ്ടി വരും. ഇന്ത്യയിലേക്ക് തിരിച്ചു പോകുകയോ മറ്റു രാജ്യങ്ങൾ വഴി സഊദിയിലേക്ക് പ്രവേശിക്കുകയോ മാത്രമേ ഇവർക്ക് ഇനി മാർഗമുള്ളൂ.

യു എ ഇ, ഏതോപ്യ അടക്കം നാല് രാജ്യങ്ങൾക്ക് കൂടി സഊദിലേക്ക് പ്രവേശന വിലക്ക്