യു എ ഇ, ഏതോപ്യ അടക്കം നാല് രാജ്യങ്ങൾക്ക് കൂടി സഊദിലേക്ക് പ്രവേശന വിലക്ക്

0
7756

റിയാദ്: എതോപ്യ, യു.എ.ഇ അടക്കം നാലു രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്ക് പ്രവേശനം വിലക്ക് ഏർപ്പെടുത്തി. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. കൊവിഡ് വ്യാപനം കടുക്കുന്നതും ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവുമാണ് പുതിയ തീരുമാനത്തിന് കാരണം. ഇവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സഊദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ ഈ രാജ്യങ്ങളിലേക്ക് പോകാന്‍ സഊദി പൗരന്മാര്‍ പ്രത്യേക മുൻകൂട്ടിയുള്ള അനുമതി വാങ്ങണമെന്നും നിർദേശമുണ്ട്.

ഞായറാഴ്ച രാത്രി പതിനൊന്നു മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ഈ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ പ്രവേശിച്ചവർക്കും പ്രവേശനം അനുവദിക്കുകയില്ല. സഊദി പൗരന്മാർ അല്ലാത്തവർക്ക് ഈ രാജ്യങ്ങൾക്ക് പുറമെ പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ ഉപാധികളോടെ സഊദിയിലേക്ക് ക്വാറന്റൈൻ വ്യവസ്ഥകളോടെ പ്രവേശനം അനുവദിക്കൂ.

പുതിയ തീരുമാനം ഇന്ത്യൻ പ്രവാസികൾക്ക് കടുത്ത നിരാശയും തിരിച്ചടിയുമാണ് സമ്മാനിക്കുന്നത്. നിരവധി പ്രവാസികളാണ് ഏതോപ്യ വഴി സഊദിയിലേക്ക് പ്രവേശനം നേടാനായി കാതിരിക്കുന്നത്. ഏതാനും പേർ ഇപ്പോൾ ഏതോപ്യയിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ഇനി നാളെ രാത്രിക്ക് മുമ്പ് സഊദിയിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ലെങ്കിൽ തിരിച്ചു പോകുകയോ മറ്റു രാജ്യങ്ങൾ വഴി പ്രവേശിക്കുകയോ മാത്രമേ മാർഗ്ഗമുള്ളൂ.