ദമാം: രണ്ടു ദിവസം മുമ്പ് കിഴക്കൻ സഊദിയിലെ അൽഹസയിൽ ജോലിക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ട മലയാളിയുടെ കൊലപാതക പ്രതി ഘാന സ്വദേശി ആശുപത്രിയിൽ മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഘാന സ്വദേശിയാണ് ആശുപത്രിയിൽ മരിച്ചത്. സ്വയം മുറിവേൽപിച്ചതെന്നു കരുതുന്ന തരത്തിൽ ചോരവാർന്ന് ഗുരുതര നിലയിൽ സെയിൽ വാനിൽ കാണപ്പെട്ട ഇയാളെ സംഭവ സ്ഥലത്ത് എത്തിയ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. അവിടെയെത്തുേമ്പാൾ തന്നെ ഇയാൾ അതിഗുരുതരനിലയിലായിരുന്നുവെന്നാണ് ദൃസാക്ഷികളുടെ വിവരണം.
പാൽ വിതരണ കമ്പനിയിലെ ജോലിക്കാരായിരുന്നു ഇരുവരും. കൊല്ലം, മൈലക്കാട്, ഇത്തിക്കര സീതാ മന്ദിരത്തിൽ പരേതനായ സദാനന്ദെൻറയും സീതമ്മയുടെയും മകൻ സനൽ (35) 10 വർഷമായി ഇതേ കമ്പനിയിലെ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം സെയിൽസ് വാനിൽ സഹായിയായി പോയതാണ് ഘാന സ്വദേശി. ഇയാൾ ഒരുവർഷം മുമ്പാണ് ഇതേ കമ്പനിയിൽ ജോലിക്കെത്തിയത്.
അൽ അഹ്സയിലെ ജബൽ ശഅബക്കടുത്ത് ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. ജോലിക്കിടയിലെ തർക്കമായിരുന്നു കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. ജോലി സമയത്ത് വഴിയരികിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. ആറു വർഷമായി പ്രവാസിയാണ് സനൽ.
ഘാന സ്വദേശി കഴുത്തറുക്കപ്പെട്ട നിലയിൽ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. പരുക്കൻ സ്വഭാവക്കാരനായ ഘാന സ്വദേശിയെ ആരും ജോലിക്ക് കൂടെ കൂട്ടാറില്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ കൊല്ലപ്പെട്ട സനൽ കൂടെ സഹായത്തിനു കൂട്ടിയതായിരുന്നു. തന്റെ കൂടെയുള്ള ഘാന സ്വദേശി വലിയ ദേഷ്യക്കാരനാണെന്നും മറ്റാരും അവനെ ജോലിക്ക് കൂട്ടാറില്ലെന്നും മറ്റു മാർഗമില്ലാത്തതുകൊണ്ടാണ് താൻ അവനെ കൂടെ കൊണ്ടുപോകുന്നതെന്നും സനൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
വാഹനത്തിലിരുന്നും തർക്കം തുടർന്നതാകാം കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. വയറിന് കുത്തേറ്റ സനൽ വാനിലിരുന്ന് തന്നെ മരിച്ചു. സനൽ മരിച്ചെന്ന് മനസ്സിലാക്കിയ ഘാന സ്വദേശി സ്വയം കുത്തി മുറിവേൽപിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇവരുടെ കൈയിൽ കത്തി എങ്ങനെ എത്തി എന്നതിനെക്കുറിച്ച് ആർക്കുമറിയില്ല. നിരവധി മലയാളികൾ ജോലിചെയ്യുന്ന കമ്പനി കൂടിയാണിത്.
അച്ഛൻ നേരത്തേ മരിച്ചിരുന്നതിനാൽ സനലായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിെൻറ ആശ്രയം. സനൽ അവിവാഹിതനാണ്. ഒന്നര വർഷം മുമ്പ് വിവാഹത്തിനായി നാട്ടിലേക്ക് പോയെങ്കിലും ജാതകപ്രശ്നങ്ങളാൽ വിവാഹം നടക്കാതെ തിരികെ മടങ്ങുകയായിരുന്നു. തോളിൽ കടുത്ത വേദന അനുഭവിച്ചിരുന്നതിനാൽ രണ്ടു മൂന്ന് മാസം കഴിഞ്ഞ് എക്സിറ്റിൽ നാട്ടിൽ പോകാൻ തീരുമാനിച്ചിരുന്നതാണ്. ചികിത്സക്ക് കുറഞ്ഞത് ആറുമാസമെങ്കിലും സമയം വേണമെന്നും അത്രയും അവധി കമ്പനിയിൽനിന്ന് ലഭിക്കാത്തതുകൊണ്ടാണ് താൻ എക്സിറ്റിൽ പോകാൻ തീരുമാനിച്ചതെന്നും സനൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നാട്ടിലെത്തി വിവാഹം കഴിക്കുന്ന സ്വപ്നവും സനൽ ഇടക്കിടക്ക് സുഹൃത്തുക്കളുമായി പങ്കുവെക്കുമായിരുന്നു.




