ദമാം: കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം വാനോളമായുയർത്തി കൊണ്ട് പുതുതായി കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ കെ സുധാകരൻ എംപി യെ അനുമോദിക്കാനും ശുഭ മുഹൂർത്തത്തെ ആഘോഷിക്കാനും ജുബൈലിലെ കോൺഗ്രസ് നേതാക്കൾ ഒത്തുകൂടി. പരിപാടിയിൽ ജുബൈലിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വം ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് നൂഹ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. സുധാകരന്റെ വരവ് പാർട്ടിക്ക് ഉണർവ്വേകുമെന്നും അണികൾ ക്കിടയിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ഉണ്ടായിട്ടുള്ള ആവേശം അണഞ്ഞു പോകാതെ കാത്ത് സൂക്ഷിക്കൽ അച്ചടക്ക സ്വഭാവമുള്ള ഓരോ പാർട്ടി പ്രവർത്തകന്റെയും കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കെഎംസിസി നാഷണൽ കമ്മറ്റി ഓഡിറ്ററും മുതിർന്ന നേതാവുമായ യു.എ റഹീം കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പൊള്ളയായ പി ആർ പബ്ലിസിറ്റിയിലൂടെ അധികാരത്തിലേറിയ രണ്ടാം പിണറായി സർക്കാരിന് ഒരു കടുത്ത വെല്ലുവിളിയാണ് സുധാകരന്റെ യും വിഡി സതീശന്റെയും വരവെന്ന് റഹീം അഭിപ്രായപ്പെട്ടു.
ജുബൈലിലെ കോൺഗ്രസ് നേതാക്കളായ ബാബു വില്ലിങ്ടെൻ, നസീർ തുണ്ടിൽ, അബ്ദു റഹിമാൻ , സുനിൽ പന്നിവിഴ, തോമസ് മാമ്മൂടൻ , എബി ജോൺ, ബെൻസി ആംബ്രോസ്, അബ്ദുൽ റഷീദ്, അർഫാൻ മുഹമ്മദ്, നജീബ് നസീർ, അജ്മൽ സാബു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
അഫ്‌നാൻ മുഹമ്മദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷ പരിപാടികൾക്ക് റിയാസ് കണ്ണൂർ നന്ദി രേഖപ്പെടുത്തി.





