Saturday, 27 July - 2024

മാസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ നേപ്പാളിൽ കുടുങ്ങിയ മലയാളികളിൽ അവസാന സംഘവും സഊദിയിലെത്തി

റിയാദ്: സഊദിയിലേക്കുള്ള യാത്രാ മധ്യേ നേപ്പാളിൽ കുടുങ്ങിയ മലയാളികളിൽ അവസാന സംഘം കൂടി സഊദിയിലെത്തി. രണ്ടു മാസത്തിലധികമായി ഇവിടെ കുടുങ്ങി കിടന്നിട്ടുന്ന സംഘമാണ് ദുരിതക്കടൽ നീന്തി ഇന്ന് ഖത്തർ വഴി സഊദിയിൽ എത്തിച്ചേർന്നത്. ഏറെ നീണ സഊദി യാത്രാ ദുരിതക്കയത്തിൽ നിന്നാണ് ഇവർ മോചനം നേടി ഒടുവിൽ സഊദി മണ്ണിൽ പറന്നിറങ്ങിയത്.

ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസുകൾ ഇല്ലാത്തതിനാൽ ദുബായ് വഴിയുള്ള വരവ് നിലച്ചതോടെയാണ് സഊദി പ്രവാസികൾ നേപ്പാൾ വഴി കൂടുതലായി എത്തിയിരുന്നത്. എന്നാൽ, പിന്നീട് നേപ്പാളിൽ കേസുകൾ വർധിച്ചതിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് സഊദിയുൾപ്പെടെ മറ്റു രാജ്യങ്ങളിലേക്ക് പോകാനായി എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും വിമാന സർവ്വീസ് വിലക്കുകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ നേരത്തെ ഇവിടെ എത്തിച്ചേർന്നവർ കുടുങ്ങുകയായിരുന്നു. പലരും ഏതാനും ദിവസങ്ങൾ കാത്തിരുന്നെങ്കിലും ഫലമില്ലെന്ന് മനസിലാക്കി നാടുകളിലേക്ക് തിരിച്ചിരുന്നു.

പിന്നീട് നിരവധി വാതിലുകൾ മുട്ടിയതിന്റെ ഫലമായി ഇവിടെ നിലവിൽ ഉള്ളവർക്ക് സഊദിയിലേക്ക് പോകാനായി ചാർട്ടർ വിമാനങ്ങൾക്ക് അനുമതി ലഭിക്കുകയും ഏതാനും ചിലർ സഊദിയിൽ എത്തിച്ചേരുകയും ചെയ്‌തെങ്കിലും അതും മുടങ്ങിയതോടെ പിന്നെയും ചിലർക്ക് ഇവിടെ കഴിയേണ്ടി വന്നു. ഒടുവിൽ ഇവർക്കും ഇപ്പോൾ മുഴുവൻ സാഹചര്യങ്ങളും അനുകൂലമായി വരികയായിരുന്നു.

നേപ്പാൾ എംബസി കാർക്കശ്യം, പ്രത്യേക എൻ ഒ സി സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, വിമാന സർവ്വീസ് റദ്ദാക്കൽ, ടിക്കറ്റ് പണം നഷ്ടപ്പെടൽ, നേപ്പാളിലെ ലോക്ഡൗൺ തുടങ്ങി സഊദിയിലേക്കുള്ള സാഹസിക യാത്രയുടെ ഏടുകളാണ് പ്രവാസ ജീവിതത്തിലെ മറക്കാനാകാത്ത യാത്രയായി ഇവർക്ക് പങ്ക് വെക്കാനുള്ളത്.

Most Popular

error: