റിയാദ്: രാജ്യാന്തര സവിശേഷതകളോടെ രാജ്യത്ത് നിർമ്മിച്ച ആദ്യത്തെ വ്യാവസായിക വെന്റിലേറ്റർ സഊദി അറേബ്യ പുറത്തിറക്കി. മെഡിക്കൽ വ്യവസായത്തിന്റെ പ്രാദേശികവൽക്കരണ ശ്രമങ്ങളും അടിസ്ഥാന മെഡിക്കൽ വ്യവസായങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉപകരണം നിർമ്മിച്ച് വിപണിയിൽ ഇറക്കിയത്. റിയാദ് ആസ്ഥാനമായുള്ള റോവാഡ് ടെക്നോളജിയാണ് പ്യൂരിറ്റൻ ബെന്നറ്റ് (പിബി) 560 പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ചത്. പ്രതിവർഷം 6,000 ഉപകരണങ്ങൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അമേരിക്കൻ-ഐറിഷ് മെഡിക്കൽ ടെക്നോളജി കമ്പനിയായ മെഡ്‌ട്രോണിക് ആണ് യഥാർത്ഥ പിബി 560 രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. 2020 മാർച്ചിൽ കൊവിഡ് പകർച്ചവ്യാധി വർദ്ധിച്ചതോടെ ആഗോളതലത്തിൽ വെന്റിലേറ്ററുകളുടെ കുറവുണ്ടായത് ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ലോകമെമ്പാടുമുള്ള മറ്റ് കമ്പനികൾക്ക് അവരുടെ സ്വന്തം പതിപ്പുകൾ നിർമ്മിക്കാൻ പ്രാപ്തരാക്കുന്നതിനായി മെഡ്‌ട്രോണിക് ഉപകരണത്തിന്റെ ഡിസൈൻ സവിശേഷതകളും സോഫ്റ്റ്വെയർ കോഡും പങ്കിടുന്നതിൽ അസാധാരണമായ നടപടികൾ സ്വീകരിച്ചിരുന്നു.
വ്യവസായ, ധാതുവിഭവ മന്ത്രിയും വ്യാവസായിക വികസന കേന്ദ്ര ഡയറക്ടർ ബോർഡ് ചെയർമാനുമായ ബന്ദർ അൽ ഖുറൈഫ്, ആരോഗ്യമന്ത്രി ഡോ: തൗഫിക് അൽ റബീഅ, റോയൽ കോർട്ട് ഉപദേശകനും കിംഗ് സൽമാൻ സെന്റർ ജനറൽ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ സൂപ്പർവൈസർ ഡോ അബ്ദുല്ല അൽ റബീഅയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
നമ്മുടെ രാജ്യത്തിന്റെ തുടർച്ചയായ നേട്ടങ്ങളോടൊപ്പം ഗുണപരമായ മറ്റൊരു നേട്ടത്തിൽ ഇന്ന് ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് വ്യവസായ, ധാതുവിഭവ മന്ത്രിയും ദേശീയ വ്യവസായ വികസന കേന്ദ്രത്തി ഡയറക്ടർ ബോർഡ് ചെയർമാനും കൂടിയായ ബന്ദർ അൽഖുറൈഫ് ഉദ്ഘാടനത്തിനിടെ പറഞ്ഞു.
ഈ നേട്ടം നമ്മുടെ വ്യവസായത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയർന്നതിന്റെ തെളിവാണ്. ആരോഗ്യ ഉപകരണങ്ങളുടെ ആവശ്യകതയോട് വ്യാവസായിക മേഖലയുടെ പ്രതികരണത്തിന്റെ തുടർച്ചയാണ് ഇത്. മഹാമാരിയുടെ തുടർച്ചയായ പ്രത്യാഘാതങ്ങളുടെയും ദൈനംദിന വിതരണ ശൃംഖലയിൽ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെയും വെളിച്ചത്തിൽ ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഈ സുപ്രധാന നടപടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.