തിരുവനന്തപുരം: കേരത്തിൽ പെട്രോൾ വില നൂറു രൂപ കടന്നു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് എണ്ണവില സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിന് പാറശാലയിൽ ലിറ്ററിന് 101.14 രൂപയും ബത്തേരിയിൽ 100.24 രൂപയുമാണ് ഇന്നത്തെ വില.
പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് മാത്രം വർധിപ്പിച്ചത്. ഈ മാസം മാത്രം ഇത് നാലാം തവണയാണ് വർധിക്കുന്നത്. ക ഴിഞ്ഞ 37 ദിവസത്തിനുള്ളിൽ ഇരുപത്തിയൊന്ന് തവണയും ഈ വർഷം മാത്രം 44 തവണയും ഇന്ധനവില കൂട്ടി
പുതുക്കിയ വിലയോടെ സാധാ പെട്രോളിന് തിരുവന്തപുരത്ത് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മേയ് നാലു മുതല്‍ 18 തവണയാണു വില കൂട്ടിയത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം തെരഞ്ഞെടുപ്പിനായി 23 ദിവസം തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില മരവിപ്പിക്കാനും മോദി സര്‍ക്കാര്‍ മറന്നില്ല. പെട്രോളിന്റെ വിലനിയന്ത്രണം 2010ലും ഡീസലിന്റേതു 2014ലും സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ മറവിലാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടല്‍ പതിവാക്കിയത്.
2008ല്‍ ഡോ. മന്മോഹന് സിംഗ് സര്‍ക്കാരിന്റെ ഭരണകാലത്തു ക്രൂഡ് ഓയില്‍ വില ബാരലിന് 132.47- 145.31 ഡോളര്‍ വരെ കൂടിയപ്പോഴും ഇന്ത്യയില്‍ പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായി രുന്നു വില. ഇപ്പോള്‍ ക്രൂഡ് ബാരല്‍ വില 71 ഡോളര്‍ ഉള്ളപ്പോഴാകട്ടെ രാജ്യത്ത് ചില്ലറ വില്പനവില ഇരട്ടിയാക്കി.
കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണ് ഇന്ധന വില കൂടുന്നതിനു കാരണമെന്നു 2013ല്‍ കുറ്റപ്പെടുത്തിയതു സാക്ഷാല്‍ നരേന്ദ്ര മോദി ആയിരുന്നു. ബിജെപി അധികാരത്തിലേറിയാല്‍ പെട്രോളിനും ഡീസലിനും പാച കവാതകത്തിനും വില കുറയ്ക്കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.