റിയാദ്: നാട്ടിൽ പ്രവാസികൾ ഇപ്പോൾ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ്. പല ട്രാവൽസ് ഏജൻസികളും ഇതിനായി സൗകര്യങ്ങൾ ഒരുക്കി പരസ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ തങ്ങളുടെ കൊവിഡ് സർട്ടിഫിക്കറ്റുകൾ എങ്ങനെയെങ്കിലും അറ്റസ്റ്റ് ചെയ്യാനുള്ള തിരക്കിലാണ് പല പ്രവാസികളും എന്നാൽ, നിലവിൽ സഊദിയിലേക്ക് വരണമെങ്കിൽ അത്തരത്തിലൊരു തീരുമാനവും സഊദി ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് വാസ്തവം.
1: സഊദിയിലേക്ക് നിലവിൽ വരുന്നതിനുള്ള നിബന്ധകൾ എന്തെല്ലാമാണ്?
നിലവിൽ സഊദിയിലേക്ക് വരണമെങ്കിൽ ഇന്ത്യക്കാർക്ക് 14 ദിവസം വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ താമസിക്കണം. ഇങ്ങനെ കഴിഞ്ഞാൽ ഇവർക്ക് സഊദിയിലേക്ക് വരാം. എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത, അംഗീകാരമുള്ള കൊവിഡ് പി.സി.ആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും ക്വാറന്റൈൻ നിർബന്ധമില്ലാത്തവർ മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം.
2: വാക്‌സിൻ എടുത്ത് വന്നാൽ എന്താണ് പ്രയോജനം.
സഊദി അറേബ്യ അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ചാൽ അവർക്ക് നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാകാം (ഏകദേശം 50,000 രൂപയിലധികം ലാഭിക്കാനാകും)
3: വാക്‌സിൻ സ്വീകരിച്ചവർ ക്വാറന്റൈൻ ഒഴിവാകാൻ എന്ത് ചെയ്യണം?
മുഖീം രജിസ്‌ട്രേഷൻ വഴിയാണ് ഇക്കാര്യം തീർച്ചപ്പെടുത്തുന്നത്. ഇവർ മുഖീമിന്റെ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. രണ്ടു ഡോസ് വാക്‌സിനെടുത്ത വിദേശികൾ യാത്രയുടെ 72 മണിക്കൂറിനുള്ളിൽ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ജവാസാത്ത് നിർദേശം. ഇന്ത്യയിലെ കൊവിഷീൽഡ് രണ്ടു ഡോസ് വാക്‌സിനെടുത്ത് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച് എത്തുന്നവർ മുഖീം പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല.
4: വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യൽ നിർബന്ധമാണോ?
നിലവിൽ സഊദി ജവാസാത്, ആരോഗ്യ, ആഭ്യന്തര മന്ത്രാലങ്ങൾ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ആരോഗ്യ മന്ത്രാലയം അത്തരമൊരു ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, വാക്‌സിൻ എടുത്തവർ ഇതിൽ രജിസ്റ്റർ ചെയ്യണമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സഊദി പ്രവേശനത്തിന് ഈ രജിസ്‌ട്രേഷൻ ഇതുവരെ നിർബന്ധമാക്കുകയോ ചെയ്‌തിട്ടില്ല. കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകൾ അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാല ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നാണ് ജവാസാത്ത് അറിയിച്ചിട്ടുള്ളത്.
5: അപ്പോൾ പിന്നെ അറ്റസ്റ്റേഷൻ നിർബന്ധമാണെന്ന് കേൾക്കുന്നതോ?
വിദേശത്ത് നിന്ന് വാക്‌സിനെടുത്ത പ്രവാസികൾക്ക് വാക്‌സിൻ വിവരം സഊദി ആരോഗ്യമന്ത്രാലയത്തെ അറിയിക്കാൻ മന്ത്രാലയം രജിസ്‌ട്രേഷൻ സൗകര്യമേർപ്പെടുത്തിയിരുന്നു. എന്നാൽ സഊദിയിൽ പ്രവേശിക്കുന്നതിന് ഈ രജിസ്‌ട്രേഷൻ ഇതുവരെ നിർബന്ധമാക്കിയിട്ടില്ല. ആരോഗ്യ മന്ത്രാലയ ലിങ്കിൽ കയറി തുടക്കത്തിൽ രജിസ്റ്റർ ചെയ്‌തവരിൽ ഒന്നാം ഡോസ് എടുത്തവരുടെ അപേക്ഷ നിരസിക്കുകയും അറ്റസ്റ്റ് ചെയ്യണമെന്ന സന്ദേശം ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പിന്നീട് ഒരു ഡോസ് എടുത്തവർക്ക് രജിട്രേഷൻ ചെയ്യാനുള്ള സംവിധാനം എടുത്ത് കളഞ്ഞിട്ടുണ്ട്. ഇതോടെയാണ് അറ്റസ്റ്റേഷൻ നിർബന്ധമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ, ഇതിൽ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചാലും ക്വാറന്റൈൻ ഒഴിവാകാനായി മുഖീം രജിസ്ട്രേഷൻ മാത്രമാണ് ആശ്രയിക്കേണ്ടത്. എന്നാൽ, രണ്ടു ഡോസ് എടുത്തവരുടെ അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച ചോദ്യം സഊദി ആരോഗ്യമന്ത്രാലയത്തോടും ജവാസാത്തിനോടും പലരും ചോദിക്കുന്നുണ്ടെങ്കിലും നിലവിൽ അങ്ങനെ ഒരു നിയമമില്ലാത്തതിനാലായിരിക്കാം, മന്ത്രാലയങ്ങൾ അതിനോട് പ്രതികരിച്ചിട്ടില്ല.
6: ക്വാറന്റൈൻ കാര്യങ്ങളും മറ്റും ഉറപ്പ് വരുത്തേണ്ടത് ആരൊക്കെയാണ്
നിലവിൽ യാത്രക്കാരന് പുറമെ ഓരോരുത്തരെയും കൊണ്ട് വരുന്ന വിമാന കമ്പനികൾക്കാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം. ക്വാറന്റൈൻ പാക്കേജ്, ക്വാറന്റൈൻ വേണ്ടാത്തവർക്ക് അത് തെളിയിക്കുന്നതിനുള്ള രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടത് വിമാന കമ്പനികളുടെ ഉത്തരവാദിത്വമാണ്. ബോർഡിങ് പാസുകൾ നൽകുന്ന വേളയിൽ ഇക്കാര്യം ഇവർ ഉറപ്പ് വരുത്തുകയും ചെയ്യും. സഊദി എയപോർട്ടിൽ ഇറങ്ങിയാൽ മുഖീം രജിസ്‌ട്രേഷൻ നോക്കിയാണ് ക്വാറന്റൈൻ വേണ്ട എന്ന കാര്യം തീരുമാനിക്കപ്പെടുന്നത്.
ഇക്കാര്യങ്ങളെല്ലാം ഇന്ന് വരെയുള്ള അപ്‌ഡേറ്റ് പ്രകാരമാണ്. ചില കാര്യങ്ങളിൽ കൂടുതൽ വിശദീകരണങ്ങളോ മറ്റോ ഉണ്ടാകുകയാണെങ്കിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇